ശ്മശാനത്തിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച് തട്ടുകടയിൽ വിറ്റു ടിവിപുരം സ്വദേശി അറസ്റ്റിൽ
ടിവിപുരം ശ്മശാനത്തിൽ നിന്ന് 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച കേസിൽ ചേരിക്കൽ സ്വദേശി ഉണ്ണിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു.
ടിവിപുരം പഞ്ചായത്ത് ശ്മശാനത്തിൽ നിന്ന് 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ
വൈക്കം: ടിവിപുരം പഞ്ചായത്ത് ശ്മശാനത്തിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവിപുരം ചേരിക്കൽ പടിഞ്ഞാറേ മുണ്ടുപറമ്പിൽ ഉണ്ണിയെയാണ് (31) വൈക്കം പൊലീസ് പിടികൂടിയത്.
മോഷ്ടിച്ച സിലിണ്ടറുകളിൽ 14 എണ്ണം പ്രതി പലപ്പോഴായി ചെമ്മനത്തുകരയിലുള്ള ഒരു തട്ടുകടയിൽ വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ ഒരു സിലിണ്ടർ പിന്നീട് തിരികെ വാങ്ങി വൈക്കം തെക്കേനടയിലുള്ള മറ്റൊരു വ്യക്തിക്ക് കൈമാറുകയും ചെയ്തു. ബാക്കി രണ്ട് സിലിണ്ടറുകളുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് കടന്നുകളഞ്ഞതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒളിവിൽ പോയ സുഹൃത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
മാധ്യമങ്ങളിലൂടെ മോഷണവാർത്തയറിഞ്ഞ, സിലിണ്ടർ വാങ്ങിയ വ്യക്തി തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. വൈക്കം എസ്.എച്ച്.ഒ സോൾജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.