​പി.എസ്.സി മൂല്യനിർണയത്തിൽ വൻ അട്ടിമറി 228 പേരുടെയും പത്തുത്തരങ്ങൾ നോക്കാതെ റാങ്ക് പട്ടികയിട്ടു, നിയമനവും നടത്തി

സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട്. ഉദ്യോഗാർഥികളുടെ പത്ത് ചോദ്യങ്ങൾക്ക് മാർക്കിടാതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

​പി.എസ്.സി മൂല്യനിർണയത്തിൽ വൻ അട്ടിമറി 228 പേരുടെയും പത്തുത്തരങ്ങൾ നോക്കാതെ റാങ്ക് പട്ടികയിട്ടു, നിയമനവും നടത്തി
​പി.എസ്.സി മൂല്യനിർണയത്തിൽ വൻ ക്രമക്കേട്; പത്തു ചോദ്യങ്ങൾക്ക് മാർക്കിടാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു,

​പി.എസ്.സി മൂല്യനിർണയത്തിൽ വൻ ക്രമക്കേട്; പത്തു ചോദ്യങ്ങൾക്ക് മാർക്കിടാതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു, മുഖം രക്ഷിക്കാൻ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതരമായ അട്ടിമറിയും ക്രമക്കേടും പുറത്ത്. പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും പത്തുത്തരങ്ങൾ വീതം മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും. വിവരവാകാശ നിയമപ്രകാരം ഉദ്യോഗാർഥിക്ക് ലഭിച്ച ഉത്തരക്കടലാസിന്റെ പകർപ്പിലൂടെയാണ് പി.എസ്.സിയുടെ വൻ വീഴ്ച വെളിപ്പെട്ടത്. ക്രമക്കേട് പുറത്തായതോടെ മുഖം രക്ഷിക്കാനായി സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പി.എസ്.സി.

​ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പെഴ്സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്ക് 2023 ജൂലൈ 13-നാണ് പൊതു പ്രാഥമിക പരീക്ഷ നടത്തിയത്. തുടർന്ന് 2025 മേയ് 31-ന് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. പട്ടിക വന്ന് തൊട്ടടുത്ത മാസം തന്നെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്ക് ഇടതു സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായ ഒന്നാം റാങ്കുകാരന് നിയമനവും നൽകി.

​എന്നാൽ റാങ്ക് പട്ടികയിലെ മാർക്കിൽ സംശയം തോന്നിയ മറ്റ് ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി നൽകാൻ തയാറായില്ല. തുടർന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയും അപ്പീലും പി.എസ്.സി തള്ളിയതോടെ ഉദ്യോഗാർഥി വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ ഇടപെട്ട് ഉത്തരക്കടലാസ് നൽകാൻ ഉത്തരവിടുമെന്ന സാഹചര്യത്തിലാണ് പി.എസ്.സി പകർപ്പ് കൈമാറിയത്. ഈ പകർപ്പിൽ നിന്നാണ് പത്ത് ചോദ്യങ്ങൾക്ക് മാർക്കിട്ടിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

​വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഓൺലൈൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനത്തിലൂടെ മൂല്യനിർണയം നടത്തിയപ്പോൾ, 10 ചോദ്യങ്ങൾ മാർക്കിടുന്നതിനായി പരിശോധകർക്ക് കൈമാറാൻ വിട്ടുപോയതാണെന്ന് പി.എസ്.സി പത്രക്കുറിപ്പിലൂടെ സമ്മതിച്ചു. പരീക്ഷയിൽ പങ്കെടുത്ത 228 പേരുടെയും 10 ഉത്തരങ്ങൾ വീതം പരിശോധിച്ചിട്ടില്ലെന്നാണ് പി.എസ്.സി അറിയിച്ചിരിക്കുന്നത്. മാർക്കിട്ട ഉത്തരക്കടലാസ് നൽകാതെ ഒളിച്ചുകളിച്ച പി.എസ്.സി, ഒടുവിൽ ക്രമക്കേട് പരസ്യമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കാൻ ബോധപൂർവം താമസം വരുത്തിയോ എന്ന കാര്യവും ആഭ്യന്തര വിജിലൻസ് അന്വേഷിക്കും.

​അതേസമയം, പി.എസ്.സിയുടെ മൂല്യനിർണയ പിഴവിൽ വൻ അട്ടിമറി സംശയിക്കുന്നതായി മന്ത്രി ഒ.ജെ.ജനീഷ് ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി രാഷ്ട്രീയമായി പി.എസ്.സിയെ ദുരുപയോഗം ചെയ്യുകയാണെന്നും, ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പിഴവുണ്ടായ പട്ടികയിലെ നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും ആഭ്യന്തര വിജിലൻസ് അന്വേഷണം കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

​നിലവിൽ വിട്ടുപോയ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്തി പുതിയ റാങ്ക് പട്ടിക തയ്യാറാക്കാനാണ് പി.എസ്.സി തീരുമാനം. ചില ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ, ഇതിനകം നിയമനവും അഡ്വൈസ് മെമ്മോയും ലഭിച്ച രണ്ട് പേരുടെ കാര്യത്തിൽ തുടർനടപടികൾ ട്രൈബ്യൂണലിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് പറഞ്ഞ് പി.എസ്.സി കൈകഴുകിയിരിക്കുകയാണ്. എങ്കിലും പുതിയ മൂല്യനിർണയം വരുന്നതോടെ നിലവിലെ നിയമനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പി.എസ്.സിക്ക് കടക്കേണ്ടി വരും.