മൂവാറ്റുപുഴയിൽ ബുള്ളറ്റ് മോഷ്ടിച്ച തൃശൂർ സ്വദേശി പിടിയിൽ കുടുങ്ങിയത് നമ്പർ പ്ലേറ്റ് മാറ്റി ഓടിച്ചു വന്നപ്പോൾ
മൂവാറ്റുപുഴയിൽ കാർ ഷോറൂമിന് സമീപത്ത് നിന്നും ബുള്ളറ്റ് മോഷണം പോയ കേസിൽ 20 വയസ്സുകാരനായ തൃശൂർ സ്വദേശി മുഹമ്മദ് ഫസൽ പിടിയിലായി
ബുള്ളറ്റ് മോഷ്ടാവ് മൂവാറ്റുപുഴയിൽ പിടിയിൽ; നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ച യുവാവ് കുടുങ്ങിയത് ഇങ്ങനെ
മൂവാറ്റുപുഴ: ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ തൃശൂർ സ്വദേശിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പുത്തൻചിറ കോവിലകത്തുകുന്ന് ഭാഗത്ത് അടയാനിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (20) ആണ് പിടിയിലായത്. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 28-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ - അടൂപറമ്പ് ഭാഗത്തുള്ള കാർ ഷോറൂമിന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് പ്രതി മോഷ്ടിച്ചത്. മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റ് മാറ്റി ബൈക്കുമായി കറങ്ങിനടക്കുകയായിരുന്നു ഇയാൾ. ഊന്നുകൽ ഭാഗത്ത് വെച്ച് സംശയാസ്പദമായ രീതിയിൽ ബൈക്ക് ഓടിച്ചു വരുന്നത് കണ്ട പോലീസ് പ്രതിയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്.
പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിൽ മുഹമ്മദ് ഫസലിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ എൻ.എസ്. റോയ്, ബിനോയ് എബ്രഹാം, പി.സി. ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ കെ.വി, ഷിജു രാജപ്പൻ, ബിനിൽ എൽദോസ്, ശ്രീജു രാജൻ, ക്രിസ്തുദാസ് പീറ്റർ, അൽസാർ കെ.എം, മുഹിയുദീൻ കെ.എം എന്നിവരും പങ്കെടുത്തു.