കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള നീക്കം കേരള സ്റ്റോറി 2 നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിനെതിരെ വിദ്വേഷം പടർത്താൻ ലക്ഷ്യമിട്ടുള്ള ദ കേരള സ്റ്റോറി രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാൻ വിദ്വേഷ പ്രചാരണം; 'ദ കേരള സ്റ്റോറി' രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ 'ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് കേരളം തള്ളിക്കളഞ്ഞതാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രധാന നിരീക്ഷണങ്ങൾ:
സംഘപരിവാർ അജണ്ട: 'ദ കേരള സ്റ്റോറി' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് ഇവരാണ്.
ഇരട്ടത്താപ്പ്: 'ബീഫ്' എന്ന പേരുള്ളതിന്റെ പേരിൽ ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉത്പാദിപ്പിക്കുന്ന ഇത്തരം വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.
നാടിന്റെ ശത്രുക്കൾ: വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നാടിന്റെ ശത്രുക്കൾ.
സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്നും നുണകൾക്കെതിരെ സത്യം ജയിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

