മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ചു രാസലഹരി കടത്ത്
മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ചു രാസലഹരി കടത്തിയ സംഘം എക്സൈസ് പിടിയിൽ. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫിയും സരിതയുമാണ് അറസ്റ്റിലായത്.
മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ചു രാസലഹരി കടത്ത്; 94 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസ് പിടിയിൽ
കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ചു കടത്തിയ സംഘം എക്സൈസ് പിടിയിൽ. ആലപ്പുഴ തുകുന്നപ്പുഴ വില്ലേജ് കോട്ടേമുരി ദേശം പാണ്ഡികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.
ലോഡ്ജുകൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന
എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് എക്സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും എക്സൈസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
പരിശോധന വെട്ടിച്ച കടത്ത്
മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വെച്ച് പരിശോധന നടന്നിരുന്നു. തുടർന്ന് ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നതിനാൽ അന്ന് എക്സൈസ് പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല. തുടർന്ന് ഈ രാസലഹരിയുമായാണ് ഇരുവരും വിൽപനക്കായി എറണാകുളത്ത് എത്തിയത്.
തുടർ അന്വേഷണത്തിൽ കൂടുതൽ ലഹരി പിടികൂടി
എറണാകുളത്തെ മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം സരിത തിരിച്ചെത്താൻ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിൽപനക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.
ഗ്രാമിന് 4,000 രൂപ നിരക്കിൽ വിൽപന
ഇവരിൽ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപന നടത്തിയിരുന്നത്. മുൻപ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടന്ന ഈ മിന്നൽ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവില്‍ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ എസ്, അമൽ, അർജുൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പ്രിൻസി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവർ പങ്കെടുത്തു