മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ കൗതുകമുണർത്തി സെക്കന്റ് ലുക്ക് പോസ്റ്റർ

ചിരിയും ചിന്തയുമായി ജി. മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ . താരനിര അണിനിരക്കുന്ന സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മാർത്താണ്ഡന്റെ ഓട്ടംതുള്ളൽ കൗതുകമുണർത്തി സെക്കന്റ് ലുക്ക് പോസ്റ്റർ
മാർത്താണ്ഡന്റെ 'ഓട്ടംതുള്ളൽ': കൗതുകമുണർത്തി സെക്കന്റ് ലുക്ക് പോസ്റ്റർ

കൊച്ചി: പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടംതുള്ളലി'ന്റെ ശ്രദ്ധേയമായ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്ററിലേതുപോലെ തന്നെ ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഈ വേറിട്ട സമീപനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.

​ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് വികസിക്കുന്ന കഥ പിന്നീട് ആ നാടിന്റെ തന്നെ പ്രശ്നമായി മാറുന്ന രസകരമായ കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്. തീയേറ്ററുകളിൽ ചിരി പടർത്തുന്നതോടൊപ്പം തന്നെ ഗൗരവമുള്ള ഒരു സാമൂഹിക വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

​ജി.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ടിനി ടോം, മനോജ് കെ.യു, ജിയോ ബേബി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിനു ശശിറാമിന്റേതാണ് തിരക്കഥ.

​രാഹുൽ രാജ് സംഗീതവും പ്രദീപ് നായർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ് ഗാനരചയിതാക്കൾ. ജോൺകുട്ടിയാണ് എഡിറ്റിംഗ്. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.