കടൽ കടന്ന ജനപ്രീതി ഫെഡറേഷൻ സ്ക്വയറിൽ ദുൽഖർ സൽമാന് ആവേശോജ്ജ്വല സ്വീകരണം
17 ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ (IFFM 2026) പങ്കാളിയായി ദുൽഖർ സൽമാൻ. കാന്ത യിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ താരം പുതിയ ചിത്രമായ ഐ ആം ഗെയിം പ്രമോഷൻ വേദിയിലുമെത്തി. മെൽബൺ ഫെഡറേഷൻ സ്ക്വയറിലെ ദുൽഖറിന്റെ സാന്നിധ്യം കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം
മെൽബൺ: 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM 2026) വേദിയിൽ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന് ആവേശോജ്ജ്വല സ്വീകരണം. മെൽബണിലെ ചരിത്രപ്രസിദ്ധമായ ഫെഡറേഷൻ സ്ക്വയറിൽ നടന്ന ചടങ്ങിൽ താരത്തെ നേരിൽ കാണാനായി പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഓസ്‌ട്രേലിയൻ മലയാളി സമൂഹവും വിവിധ ഭാഷാ പ്രേക്ഷകരും ഒന്നടങ്കം എത്തിയതോടെ ഫെഡറേഷൻ സ്ക്വയർ പൂർണ്ണമായും ആഘോഷത്തിമിർപ്പിലായി.
മേളയിൽ ഇതിനോടകം തന്നെ വലിയ നേട്ടം ദുൽഖർ സ്വന്തമാക്കിയിട്ടുണ്ട്. 'കാന്ത' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഈ വർഷത്തെ IFFM മികച്ച നടനുള്ള പുരസ്കാരം ദുൽഖർ സൽമാൻ ഏറ്റുവാങ്ങി. പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന താരം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ഏറ്റവും പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ന്റെ പ്രമോഷനിലും സജീവമാണ്. 'ആർ.ഡി.എക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ അറിയാൻ വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ വൈവിധ്യവും അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയും വിളിച്ചോതുന്ന IFFM 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി സംഘടിപ്പിച്ചിരിക്കുന്നത്. 130-ലധികം ചിത്രങ്ങളാണ് മേളയിൽ വിവിധ ഭാഷകളിൽ നിന്നായി പ്രദർശിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ, ദുൽഖർ സൽമാൻ എന്ന അഭിനേതാവിനുള്ള വൻ ജനപ്രീതിയുടെ സാക്ഷ്യപത്രമായി ഫെഡറേഷൻ സ്ക്വയറിലെ ഈ ജനസാഗരം മാറി.

