മുൻ എംഎൽഎ ബോർഡ് മാറ്റിയില്ല നടൻ മുകേഷിനെതിരെ പൊലീസിൽ പരാതി
കൊല്ലം മുൻ എംഎൽഎ എം. മുകേഷ് ഇപ്പോഴും എംഎൽഎ ബോർഡ് മാറ്റിസ്ഥാപിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകി.
മുകേഷ് മുൻ എംഎൽഎ ആയിട്ടും ബോർഡ് മാറ്റിയില്ല; 'അന്തസ്സ് വേണമെടാ അന്തസ്സ്' എന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി
കൊല്ലം: നടനും മുൻ കൊല്ലം എംഎൽഎയുമായ എം. മുകേഷിനെതിരെ ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് പൊലീസിനും പരാതി. മുകേഷ് എംഎൽഎ ആയിരുന്ന കാലത്ത് ഓഫീസിന്റെ ദിശാസൂചികയായി സ്ഥാപിച്ച ബോർഡ്, കാലാവധി കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതിക്കാരൻ.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം നിലവിൽ എംഎൽഎ അല്ലാത്ത ഒരാൾ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിഷ്ണു സുനിൽ ഫേസ്ബുക്കിലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മുൻപ് മുകേഷ് എംഎൽഎ ആയിരുന്നപ്പോൾ വലിയ വിവാദമായ ഒരു ടെലിഫോൺ സംഭാഷണത്തിലെ വാക്കുകൾ കടമെടുത്താണ് വിഷ്ണുവിന്റെ പരിഹാസം. 'അന്തസ്സ് വേണമെടാ, അന്തസ്സ്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
"കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയാറാകാതെ എംഎൽഎ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്; അന്തസ്സ് വേണമെടൊ, അന്തസ്സ്. ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് എസ്എച്ച്ഒക്കും പരാതി നൽകി" - വിഷ്ണു സുനിൽ ഫേസ്ബുക്കിൽ കുറിച്ചു.
നിലവിലെ കൊല്ലം എംഎൽഎ ബിന്ദു കൃഷ്ണയുടെ പേര് പരാമർശിച്ചുകൊണ്ട്, പഴയ പദവിയുടെ ഹാങ്ങോവർ മാറാത്തതുകൊണ്ടാണ് മുകേഷ് ബോർഡ് മാറ്റാത്തതെന്നാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ വിമർശനം. പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.