ബോളാഗോളം ജൂണിൽ തിയേറ്ററുകളിലേക്ക് ഐ.എം. വിജയൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ജുനൈസ് കാപ്പ് സംവിധാനം ചെയ്യുന്ന ബോളാഗോളം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഐ.എം. വിജയൻ റിലീസ് ചെയ്തു. മലബാർ ഫുട്ബോൾ പശ്ചാത്തലമാകുന്ന ചിത്രം ജൂണിൽ തിയേറ്ററുകളിലെത്തും.
ഫുട്ബോൾ ആവേശവും ജീവിതവും കോർത്തിണക്കി 'ബോളാഗോളം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മലപ്പുറം: “ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി നവാഗതനായ ജുനൈസ് കാപ്പ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ബോളാഗോളം’ എന്ന ചിത്രം വരും മാസത്തിൽ (ജൂൺ) തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ഏറെ ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ഫുട്ബോൾ താരം പദ്മശ്രീ ഐ.എം. വിജയന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ സലീം പി.ടി.യാണ് ചിത്രം നിർമിക്കുന്നത്.
മലബാറിന്റെ മണ്ണിലെ കാൽപ്പന്തുകളി ആവേശത്തിനൊപ്പം, അവിടുത്തെ മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ആത്മബന്ധങ്ങളും ഹൃദയസ്പർശിയായി പകർത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യുവതലമുറയെ കായികരംഗത്തിലൂടെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുത്തു, തൊത്തു എന്നീ കഥാപാത്രങ്ങളുടെ ആത്മബന്ധത്തിലൂടെ കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കി ഒരുക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണിനായർ, കാശിനാഥ്, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രമുഖരാണ്. ഷമീർ ജിബ്രാൻ ഛായാഗ്രഹണവും അഭിഷേക് അയ്യനേത്ത് എഡിറ്റിംഗും നിർവഹിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
സൗണ്ട് ഡിസൈൻ & മിക്സ്: കരുൺ പ്രസാദ്, കളറിങ്: രമേശ് ഐയർ, പിരിശമേ & പ്രൊമോ സോങ്: സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷൌക്കത്ത് വണ്ടൂർ, ആർട്ട്: അസി കരുവാരകുണ്ട്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും: നൗഷാദ് മമ്മി, വി.എഫ്. എക്സ്: ഷിയോജ് എം.വി.