നികുതി വെട്ടിപ്പ് എറണാകുളത്ത് 72 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസ് ഒരു കോടി രൂപ പിഴ
നികുതി അടയ്ക്കാതെ സർവീസ്: അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മിന്നൽ പരിശോധന 72 വാഹനങ്ങൾക്കെതിരെ കേസ് എറണാകുളം:കേരളത്തിൽ അടയ്ക്കേണ്ട റോഡ് നികുതി വെട്ടിച്ച് സ
നികുതി അടയ്ക്കാതെ സർവീസ്: അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മിന്നൽ പരിശോധന 72 വാഹനങ്ങൾക്കെതിരെ കേസ്
എറണാകുളം:കേരളത്തിൽ അടയ്ക്കേണ്ട റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തുന്ന അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാപക മിന്നൽ പരിശോധന. ഒമ്പത് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. നികുതി അടയ്ക്കാതെ സർവീസ് നടത്തിയ 72-ഓളം ഇതരസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പരിശോധിക്കുകയും അവയ്ക്കെതിരെ കേസെടുക്കുകയും ഒരു കോടിയിൽ പരം രൂപ നികുതി ഇനത്തിൽ ഈടാക്കുന്നതിന് ഡിമാൻഡ് നോട്ടീസ് നൽകുകയും ചെയ്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ കേന്ദ്രീകരിച്ചായിരുന്നു എൻഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ്ക്വാഡും സംയുക്തമായി മിന്നൽ പരിശോധന നടത്തിയത്. യാത്രക്കാർക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാകാത്ത രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ നടപടികൾ.
ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിൽ പോലും, സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിലെ റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും ലംഘിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നികുതി കുടിശ്ശികയ്ക്ക് പുറമെ അനധികൃതമായി ചരക്കുകൾ കടത്തൽ, എയർ ഹോൺ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിൽ ക്രമക്കേട് വരുത്തൽ, അതിതീവ്ര വെളിച്ചം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിക്കൽ തുടങ്ങിയ മറ്റ് ഗുരുതര ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

