ആലുവ പറവൂർ റൂട്ടിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസുകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു

ആലുവ പറവൂർ റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതി നാളെ മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആലുവ പറവൂർ റൂട്ടിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസുകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു
ആലുവ-പറവൂർ റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആലുവ പറവൂർ റൂട്ടിൽ പുതുതായി അനുവദിച്ച കെഎസ്ആർടിസി ബസുകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു

കെ.എസ്.ആർ.ടി.സി. ഇനി കൂടുതൽ പ്രൊഫഷണലാകും; സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനം സർക്കാർ സംരക്ഷിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

​ആലുവ-പറവൂർ റൂട്ടിൽ നാല് പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം: കൃത്യമായ പഠനങ്ങൾ നടത്തി, ഏറ്റവും പ്രൊഫഷണലായ രീതിയിലായിരിക്കും കെ.എസ്.ആർ.ടി.സി.യെ മുന്നോട്ട് കൊണ്ടുപോകുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആലുവ-പറവൂർ റൂട്ടിൽ പുതുതായി അനുവദിച്ച നാല് കെ.എസ്.ആർ.ടി.സി. ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ പ്രധാന ആശ്രയമായ പൊതുഗതാഗത സംവിധാനത്തെ ഏറ്റവും മികച്ച രീതിയിൽ നിലനിർത്താനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

​ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പാക്കും. അടുത്ത ആറുമാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി.യിൽ വലിയ തോതിലുള്ള ഗുണപരമായ മാറ്റം ദൃശ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​യാത്രാക്ലേശത്തിന് പരിഹാരം; കൂടുതൽ ബസുകൾ വരും

നാഷണലൈസ്ഡ് റൂട്ടായ ആലുവ-പറവൂർ മേഖലയിൽ സ്വകാര്യ ബസുകളില്ലാത്തതും കെ.എസ്.ആർ.ടി.സി. സർവീസുകൾ കുറവായതും കടുത്ത യാത്രാക്ലേശത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ധാരാളമായി ഉയർന്നുവന്ന ജനങ്ങളുടെ പരാതികൾ പരിഗണിച്ച് അടിയന്തരമായി പുതിയ ബസുകൾ നിരത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ പുതിയ സർവീസുകളുടെ പരീക്ഷണം വിജയകരമായാൽ ഈ റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കും.

​ആലുവ-പറവൂർ റൂട്ടിൽ മാത്രമല്ല, കേരളത്തിൽ എവിടെയെല്ലാം യാത്രാത്തിരക്കുണ്ടോ, എവിടെയൊക്കെയാണോ വണ്ടികളില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് അവിടെയെല്ലാം പുതിയ ബസുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ ടു ടൗൺ ബസുകളുമാണ് ഈ റൂട്ടിൽ പുതുതായി ഓടിത്തുടങ്ങിയത്. 

​നാളെ മുതൽ 'പ്രിയദർശിനി'

കേരള ചരിത്രത്തിൽ നാളെ (ജൂൺ 15) വലിയ ചർച്ചയാകാൻ പോകുന്ന ഒരു സുപ്രധാന ദിവസമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

 സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. സാധാരണക്കാരുടെ വാഹനമായ കെ.എസ്.ആർ.ടി.സി.യെ ജനസൗഹൃദമാക്കുന്നതിനൊപ്പം വലിയൊരു മാറ്റത്തിന് നാളെ തുടക്കമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പറവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ രമേശ് ഡി കുറുപ്പ്, നോർത്ത് പറവൂർ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ എ. അനിൽ കുമാർ മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.