രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ

ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിലൂടെ രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തെന്ന നേട്ടം വയനാട്ടിലെ നൂൽപ്പുഴ സ്വന്തമാക്കി. രണ്ടു ഘട്ടങ്ങളിലായി 5,423 കിലോ ഇ മാലിന്യമാണ് പഞ്ചായത്ത് ശേഖരിച്ചത്.

രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന ശശീന്ദ്രൻ നൂൽപ്പുഴയെ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നു
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ

​സുൽത്താൻ ബത്തേരി: ശാസ്ത്രീയമായ മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന ചരിത്രനേട്ടം വയനാട് ജില്ലയിലെ നൂൽപ്പുഴ സ്വന്തമാക്കി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രനാണ് ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചത്.

​രണ്ട് ഘട്ടങ്ങളിലായി ആകെ 5,423 കിലോഗ്രാം ഇ-മാലിന്യമാണ് പഞ്ചായത്തിൽ നിന്ന് ശേഖരിച്ചത്. ഒന്നാംഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 2,028 കിലോഗ്രാമും ഇ-മാലിന്യം ശേഖരിച്ചു.

​എം.എൽ.എ അഡ്വ. ടി. സിദ്ദീഖിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഭൂമി കോൺക്ലേവ്' പദ്ധതിയുടെ ഭാഗമായുള്ള 'ഇ-മാലിന്യമുക്ത വയനാട്' മുൻകൈയെടുത്താണ് നൂൽപ്പുഴയിൽ ഈ പദ്ധതി സംഘടിപ്പിച്ചത്. ജില്ലയെ പൂർണ്ണമായും ഇ-മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇ-മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണം തടയുകയും ശാസ്ത്രീയമായ കൈമാറ്റം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

​ഇ-മാലിന്യമുക്ത പഞ്ചായത്ത് എന്ന പദവി ദീർഘകാലം നിലനിർത്തുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ വ്യക്തമാക്കി. ഇ-മാലിന്യ ശേഖരണം തുടരുക, പൊതുജന ബോധവൽക്കരണം ശക്തമാക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ ഹരിതകർമ്മസേനയും ഉദ്യോഗസ്ഥരും നിർണ്ണായക പങ്കുവഹിച്ചു.

​ചടങ്ങിൽ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.സി. മജീദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബെന്നി കൈനിക്കൻ, പുഷ്പ അനൂപ്, നസീറ ഇസ്മായിൽ, ജില്ലാ പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജീഷ് കുമാർ, പ്രോഗ്രാം ഓഫീസർ അനൂപ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി.ആർ. നിതീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു