ഗാനരചനയിലെ പുത്തൻ താരോദയമായി ഡോ. ലിയോൺ സൈമൺ

വിവിധ മേഖലകളിലെ മികവിനൊപ്പം ചലച്ചിത്ര ഗാനരചനാ രംഗത്തും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലിയോൺ സൈമൺ

ഗാനരചനയിലെ പുത്തൻ താരോദയമായി ഡോ. ലിയോൺ സൈമൺ
ചലച്ചിത്ര ഗാനരചനയിൽ പുത്തൻ തരംഗമായി ഡോ. ലിയോൺ സൈമൺ; ശ്രദ്ധേയനായി തിരുവനന്തപുരം സ്വദേശി

ഗാനരചനയിലെ പുത്തൻ താരോദയമായി ഡോ. ലിയോൺ സൈമൺ

​തിരുവനന്തപുരം: ചലച്ചിത്ര ഗാനരചനയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഡോ. ലിയോൺ സൈമൺ. ചെറുകഥകളിലൂടെയും സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെയും എഴുത്തുരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം അപ്രതീക്ഷിതമായാണ് ഗാനരചനയിലേക്ക് എത്തുന്നത്.

​ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ്.പി. ചരൺ ആദ്യമായി മലയാളത്തിൽ ആലപിച്ച യുഗ്മഗാനത്തിന്റെ വരികൾ കുറിച്ചത് ഡോ. ലിയോൺ സൈമണാണ്. ചിത്രീകരണം പൂർത്തിയായ 'വിട പറയാതെ' എന്ന ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ ഈ ഗാനം എസ്.പി. ചരണും മാതംഗി അജിത്കുമാറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിനുപുറമെ ഉടൻ തിയേറ്ററുകളിലെത്തുന്ന കുട്ടികളുടെ ചിത്രമായ 'കുസൃതികൾ' എന്ന സിനിമയിലെ അഞ്ച് ഗാനങ്ങൾ രചിച്ചതും ഇദ്ദേഹമാണ്.

​മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് ഗുജറാത്തിലെ വഡോദരയിൽ ഔദ്യോഗിക ആവശ്യത്തിനായി എത്തിയപ്പോഴാണ് ലിയോൺ സൈമൺ ആദ്യമായി ഒരു ക്രിസ്തീയ ഗാനം എഴുതുന്നത്. കൺസ്ട്രക്ഷൻ മാനേജർ വിനീതിന്റെ നിർബന്ധത്തിന് വഴങ്ങി എഴുതിയ ആ ഗാനമാണ് ഇദ്ദേഹത്തെ സംഗീത ലോകത്തേക്ക് വഴിതിരിച്ചുവിട്ടത്. തുടർന്ന് നിരവധി ഭക്തിഗാനങ്ങളും ആൽബങ്ങളും ഇദ്ദേഹം രചിച്ചു.

​മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, പി. ജയചന്ദ്രൻ, എസ്.പി. ചരൺ, സുദീപ് കുമാർ, വിദ്യാധരൻ മാസ്റ്റർ തുടങ്ങി മലയാള സംഗീത ലോകത്തെ പ്രമുഖർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. ഗാനരചനയിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

​അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം ജോർജ്ജ് സൈമൺ - കസ്തൂല സൈമൺ ദമ്പതികളുടെ എട്ടു മക്കളിൽ ആറാമനായ ഡോ. ലിയോൺ സൈമൺ, വിദേശത്ത് പ്രോജക്ട് കൺട്രോൾ പ്രൊഫഷണൽ, ഗവേഷകൻ, വാസ്തുവിദഗ്ദ്ധൻ, എ.ഐ സ്പെഷ്യലിസ്റ്റ്, സോഫ്റ്റ് വെയർ ഡെവലപ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ സുജ ലിയോണും കോളേജ് വിദ്യാർഥികളായ വർഷ, ഹർഷ എന്നീ മക്കളും നൽകുന്ന പ്രോത്സാഹനമാണ് തന്റെ കരുത്തെന്ന് അദ്ദേഹം പറയുന്നു.