ചരിത്ര വിജയത്തിന് പിന്നാലെ മാത്യു കുഴൽനാടൻഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
മൂവാറ്റുപുഴ മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും മുന്നേറ്റത്തിനുമായി പൂർണ്ണമായി പരിശ്രമിക്കുമെന്നാണ് മാത്യു കുഴൽനാടൻ ജനങ്ങൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ മാത്യു കുഴൽനാടൻ നിയമസഭാംഗമായി ഔദ്യോഗികമായി ചുമതലയേറ്റു. ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് ചരിത്രവിജയം സ്വന്തമാക്കിയാണ് അദ്ദേഹം തുടർച്ചയായി രണ്ടാം തവണയും നിയമസഭയിലെത്തുന്നത്.
യുഡിഎഫ് അനുകൂല തരംഗം ശക്തമായി വീശിയടിച്ച തിരഞ്ഞെടുപ്പിൽ 89,914 വോട്ടുകൾ നേടിയാണ് മാത്യു കുഴൽനാടൻ നിയമസഭയിലേക്ക് വീണ്ടുമെത്തുന്നത്. എതിർ സ്ഥാനാർത്ഥിയെ 42,829 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ നിയമസഭാ കാലയളവിൽ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കുമെതിരെ മാത്യു കുഴൽനാടൻ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾ സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പോരാട്ട വീര്യത്തിനുള്ള വോട്ടർമാരുടെ ശക്തമായ അംഗീകാരമായാണ് ഇത്തവണത്തെ റെക്കോർഡ് ഭൂരിപക്ഷം വിലയിരുത്തപ്പെടുന്നത്.
നേതൃത്വത്തിനെതിരെ പ്രാദേശിക ഘടകങ്ങൾ
യുഡിഎഫ് സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തിട്ടും മൂവാറ്റുപുഴയ്ക്ക് ഒരു മന്ത്രിസ്ഥാനമെന്ന നാടിന്റെ ദീർഘകാല സ്വപ്നം ഇക്കുറിയും യാഥാർത്ഥ്യമായില്ല എന്നത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചുവന്ന മാത്യു കുഴൽനാടന് പുതിയ മന്ത്രിസഭയിൽ ഇടം നൽകാത്തതിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ യുഡിഎഫ് ഘടകകക്ഷികൾക്കും പ്രാദേശിക നേതൃത്വത്തിനുമിടയിൽ കടുത്ത അതൃപ്തിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ദേശീയ-സംസ്ഥാന നേതാക്കൾ ഉൾപ്പെടെ തിരഞ്ഞെടുപ്പ് വേളയിൽ ചർച്ചകൾ നൽകിയിട്ടും, അവസാന നിമിഷം കുഴൽനാടനെ മന്ത്രിസ്ഥാനത്തുനിന്നും തഴഞ്ഞതിലുള്ള പ്രതിഷേധം പ്രാദേശിക നേതാക്കൾ പരസ്യമായി സോഷ്യൽ മീഡിയിൽ പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു
പ്രതീക്ഷയോടെ മൂവാറ്റുപുഴ; വികസന പദ്ധതികൾക്കായി കാത്തിരിപ്പ്
മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, മണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതും ജനങ്ങൾ ഏറെ നാളായി കാത്തിരിക്കുന്നതുമായ വലിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് മാത്യു കുഴൽനാടന് മുന്നിലുള്ളത്.ഒരു മന്ത്രിയുടെ അഭാവത്തിലും ഈ വികസന സ്വപ്നങ്ങൾക്ക് വേഗത കൂട്ടാൻ പുതിയ എംഎൽഎയ്ക്ക് കഴിയുമോ എന്നാണ് ഇനി മൂവാറ്റുപുഴ ഉറ്റുനോക്കുന്നത്. എന്നാൽ, രാഷ്ട്രീയ വിവാദങ്ങൾക്കും അതൃപ്തികൾക്കും അപ്പുറം, മൂവാറ്റുപുഴ മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും മുന്നേറ്റത്തിനുമായി പൂർണ്ണമായി പരിശ്രമിക്കുമെന്നാണ് മാത്യു കുഴൽനാടൻ ജനങ്ങൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്.