എഐ ഇറ പദ്ധതി മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു
എറണാകുളം ജില്ലയിലെ 40,000 ത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം നൽകുന്ന എഐ ഇറ പദ്ധതി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ എഐ സ്റ്റുഡിയോ വരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലേക്ക് ചുവടുവെച്ച് എറണാകുളം; സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം നൽകുന്ന 'എഐ ഇറ' പദ്ധതിക്ക് തുടക്കം
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണനിർവഹണത്തിന് കരുത്താകുന്ന പുതിയ കാലഘട്ടത്തിലേക്ക് ചുവടുവെച്ച് എറണാകുളം ജില്ലാ ഭരണകൂടം. ജില്ലയിലെ 40,000-ത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്ക് സമഗ്ര എഐ പരിശീലനം നൽകുന്ന 'എഐ ഇറ' (AI ERA - AI Ernakulam Revolutionizing Administration) പദ്ധതി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യ നമ്മുടെ ഭാവിയും ജീവിതവും തീരുമാനിക്കുന്ന കാലഘട്ടത്തിൽ അതിനെ സ്വായത്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ടെക്നോളജി നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ അൽഗോരിതങ്ങളും ക്ലിനിക്കൽ എഐയും മനുഷ്യജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മാറിയ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കാനും, പഴയവ തിരുത്തി വീണ്ടും പഠിക്കാനും തയ്യാറായില്ലെങ്കിൽ എത്ര ബിരുദങ്ങളുണ്ടെങ്കിലും കാര്യമില്ലെന്ന അവസ്ഥയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കളക്ടറേറ്റിൽ അത്യാധുനിക എഐ സ്റ്റുഡിയോ
പദ്ധതിയുടെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റുഡിയോ സ്ഥാപിക്കും. പ്രോംപ്റ്റ് എൻജിനീയറിംഗ്, ഡാറ്റ വിശകലനം, സൈബർ സുരക്ഷ, ഭരണതലത്തിലെ എഐ ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാർക്ക് വർഷം മുഴുവൻ വിദഗ്ധ പരിശീലനം ഉറപ്പാക്കും.
സംസ്ഥാന ഐ.ടി. മിഷൻ, ഇൻഫോപാർക്ക്, എൻ.ഐ.സി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാക്കനാട് ഇൻഫോപാർക്കിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്‌ണ, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഐ.ടി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ചിഞ്ചു സുനിൽ ദത്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.