ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ആദ്യ ഗാനം പുറത്തിറങ്ങി
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ ആദ്യ ഗാനം കാതങ്ങൾ ദൂരെ പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതസംവിധാനം നിർവ്വഹിച്ച ഗാനത്തിന്റെ വിശേഷങ്ങൾ വായിക്കാം.
കാതങ്ങൾ ദൂരെ"; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ആദ്യ ഗാനം പുറത്തിറങ്ങി
കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. "കാതങ്ങൾ ദൂരെ" എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സഞ്ജിത്ത് ഹെഗ്ഡെയാണ് ആലാപനം നിർവ്വഹിച്ചിരിക്കുന്നത്. റിയ അന്ന റോയ്, മോസസ് ടോബി, ആദ്യ അനീഷ്, നിള രാജ്, വിഷ്ണുദത് സന്തോഷ് എന്നിവർ ചേർന്നാണ് കോറസ് പാടിയിരിക്കുന്നത്.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന നായകന് ലഭിക്കുന്ന 'സൂപ്പർ ഹിയറിങ്' (അസാധാരണ കേൾവിശക്തി) എന്ന അപൂർവ്വ ശേഷിയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം. ശബ്ദ മിശ്രണത്തിനും സൗണ്ട് ഡിസൈനിനും ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സാങ്കേതികമായി മികച്ച നിലവാരം പുലർത്തുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിങ്ക് മ്യൂസിക് മ്യൂസിക് അവകാശവും ദി പ്ലോട്ട് പിക്ചേഴ്സ് ഓവർസീസ് വിതരണാവകാശവും സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.