വേമ്പനാട് മണൽ ഖനനം മുഖ്യമന്ത്രി റിപ്പോർട്ട് തേടി
വേമ്പനാട് കായലിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നടക്കുന്ന അശാസ്ത്രീയ മണൽ ഖനനം ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്.
വേമ്പനാട് കായലിലെ അശാസ്ത്രീയ മണൽ ഖനനം: അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസ്
ആലപ്പുഴ (പൂച്ചാക്കൽ): വേമ്പനാട് കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി അശാസ്ത്രീയമായി തുടരുന്ന മണൽ ഖനനം സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ്. കായലിലെ ഖനനം അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ പി.ആർ. സുമേരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി ലഭിച്ചിട്ടുണ്ട്.
ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്താതെയാണ് കായലിൽ ഡ്രെഡ്ജിംഗ് നടത്തുന്നത്. തവളക്കടവ്, മുഹമ്മ, തണ്ണീർമുക്കം, കണ്ണങ്കര, കളക്കോഴിച്ചിറ, പള്ളിപ്പുറം തുടങ്ങിയ മേഖലകളിൽ മാസങ്ങളായി ഡ്രെഡ്ജിംഗ് തുടരുകയാണ്. വിശാലമായ വേമ്പനാട് കായലിന്റെ ഒരു പ്രത്യേക ഭാഗത്തുനിന്ന് മാത്രം ഭീമമായ അളവിൽ മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് വൻ പാരിസ്ഥിതിക ആഘാതത്തിന് വഴിവെക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ആവാസവ്യവസ്ഥ തകരുന്നു; പട്ടിണിയിലായി ആയിരങ്ങൾ
അശാസ്ത്രീയ ഖനനം മൂലം കായലിന്റെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും പൂർണ്ണമായും തകരുന്ന അവസ്ഥയിലാണ്. സംസ്ഥാന മത്സ്യമായ കരിമീനിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങളിലൊന്നായ വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഖനനം കാരണം കായലിൽ വലിയ പാതാളക്കുഴികൾ രൂപപ്പെടുന്നത് മത്സ്യബന്ധന വലകൾ താണുപോകാൻ ഇടയാക്കുന്നതായി മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു.
ഖനനം കാരണം കക്കവാരൽ മേഖലയെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങളും ആയിരക്കണക്കിന് കാക്കാ തൊഴിലാളികളും പട്ടിണിയിലായി.
തീരപ്രദേശങ്ങൾക്കും പൈതൃക കേന്ദ്രങ്ങൾക്കും ഭീഷണി
തീരത്തുനിന്നുള്ള നിശ്ചിത അകലം, ഡ്രെഡ്ജിംഗിന്റെ ആഴം, വീതി എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് ഖനനം നടക്കുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഭാഗത്ത് വെറും ഇരുന്നൂറ് മീറ്റർ പരിധിക്കുള്ളിൽ നിന്നാണ് വൻതോതിൽ മണൽ എടുക്കുന്നത്.
ചരിത്രപ്രസിദ്ധമായ പള്ളിപ്പുറം മാട്ടേൽ തുരുത്തിൽ നിന്ന് 50 മീറ്റർ പോലും അകലമില്ലാത്ത സ്ഥലത്താണ് ഈ ഖനനം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ പ്രദേശത്തെ വീടുകൾ, പള്ളി, മറ്റ് തീരപ്രദേശങ്ങൾ എന്നിവ കായലെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. തണ്ണീർമുക്കം പ്രദേശത്തെ നൂറിലധികം വീടുകളുടെ നിലനിൽപ്പിനെത്തന്നെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ നടത്തുന്ന ഇത്തരം ഖനനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യം.