കേരള ഇനി കേരളം പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമാകും. സഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമാണ് നടന്നത്.

കേരള ഇനി കേരളം പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി
കേരള ഇനി 'കേരളം'; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി, രൂക്ഷമായ വാക്പോര്

രാജ്യസഭയും കടന്നു; 'കേരള' ഇനി ഔദ്യോഗികമായി 'കേരളം'

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭ ചർച്ച കൂടാതെ പാസാക്കിയ ബില്ലാണ് രണ്ടര മണിക്കൂറോളം നീണ്ട രൂക്ഷമായ വാക്പോരിനൊടുവിൽ രാജ്യസഭയും കടന്നത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റത്തിന് ഔദ്യോഗിക പ്രാബല്യമാകും.

​കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിൽ ലിസ്റ്റ് ചെയ്തിരുന്ന ബിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടന്നു.

​ചർച്ചയിൽ ആദ്യമായി സംസാരിച്ച കോൺഗ്രസ് അംഗം ജെബി മേത്തർ “കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ” എന്ന മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യത്തെയും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെയും അവർ ചൂണ്ടിക്കാട്ടിയത് സഭയിൽ ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

​തുടർന്ന് സംസാരിച്ച ബി.ജെ.പി അംഗം സി. സദാനന്ദനും വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് മറുപടി നൽകിയത്. ഭാരതമെന്ന പേര് കേട്ടാൽ അഭിമാനം തോന്നാത്തവരുടെ ചോര കേരളമെന്ന് കേൾക്കുമ്പോൾ തിളച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കാസർകോട് അധ്യാപകനെതിരെ സവർക്കറെക്കുറിച്ചുള്ള ചോദ്യത്തിന്റെ പേരിൽ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭാരതത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുകയും സി.പി.ഐ അംഗം പി. സന്തോഷ് കുമാർ ക്രമപ്രശ്നം ഉന്നയിക്കുകയും ചെയ്തതോടെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇടപെട്ടു.

​ബില്ലിനെ പിന്തുണച്ചെങ്കിലും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന പി. സന്തോഷ് കുമാർ, വി. ശിവദാസൻ, എ.എ. റഹീം, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ് എന്നിവർ സഭയിൽ ശക്തമായി ഉന്നയിച്ചു. കേരളത്തിലേത് 'ഡബിൾ എൻജിൻ' സർക്കാരല്ലെന്നും എന്നാൽ ശക്തമായ മതേതര എൻജിനുള്ള സർക്കാരാണെന്നും മുസ്‌ലിം ലീഗ് അംഗം ഹാരിസ് ബീരാൻ വ്യക്തമാക്കി.

​അതേസമയം, വള്ളത്തോളിന്റെ വരികളെ വളച്ചൊടിക്കാനാണ് പ്രതിപക്ഷ എം.പിമാർ ശ്രമിച്ചതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്താണ് വള്ളത്തോൾ ജീവിച്ചിരുന്നതെങ്കിൽ ഇത്തരം വരികൾ എഴുതാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്നും, ലോക്സഭയിൽ ഈ ബിൽ ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.