പട്ടികജാതി വിഭാഗക്കാർക്ക് 3 ലക്ഷം രൂപ വരെ ഗ്രാന്റോടെ സ്വയംതൊഴിൽ പദ്ധതി

എറണാകുളം ജില്ലയിലെ പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവർക്കായി 3 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കുന്ന സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 25.

പട്ടികജാതി വിഭാഗക്കാർക്ക് 3 ലക്ഷം രൂപ വരെ ഗ്രാന്റോടെ സ്വയംതൊഴിൽ പദ്ധതി
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

പട്ടികജാതി വിഭാഗ സ്വയംതൊഴിൽ പദ്ധതി: 3 ലക്ഷം രൂപ വരെ ഗ്രാന്റ്; എറണാകുളത്ത് അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2026-27 വർഷത്തെ സ്വയംതൊഴിൽ പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ അരുന്ധതിയാർ, ചക്ലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗങ്ങളിൽപെട്ടവർക്കാണ് ഈ പദ്ധതിയിലൂടെ സ്വയംതൊഴിൽ കണ്ടെത്താൻ അവസരമൊരുങ്ങുന്നത്.

​കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായം എന്നീ വകുപ്പുകളിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെയാണ് പദ്ധതിക്കായി ഗ്രാന്റായി അനുവദിക്കുക. നിലവിൽ സ്ഥിരവരുമാനമില്ലാത്ത 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

​അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രായോഗിക പരിചയമുണ്ടായിരിക്കണം. കൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും നിബന്ധനയുണ്ട്.

​താല്പര്യമുള്ളവർ ജൂലൈ 25-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.