പൊള്ളുന്ന വെയിലിൽ പുളിക്കുന്ന വില നാരങ്ങാവെള്ളം ഇനി ലക്ഷ്വറി , ഒന്നിന് പത്തുരൂപ കടന്ന് നാരങ്ങ

കേരളത്തിൽ വേനൽ ചൂട് കടുത്തതോടെ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 210 രൂപ വരെയായതോടെ നാരങ്ങാവെള്ളത്തിന് വിപണിയിൽ ക്ഷാമം നേരിടുന്നു.

പൊള്ളുന്ന വെയിലിൽ പുളിക്കുന്ന വില നാരങ്ങാവെള്ളം ഇനി ലക്ഷ്വറി , ഒന്നിന് പത്തുരൂപ കടന്ന് നാരങ്ങ
കേരളത്തിൽ വേനൽ ചൂട് കടുത്തതോടെ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു.

​കൊച്ചി: സംസ്ഥാനത്ത് വേനൽചൂട് കടുത്തതോടെ ദാഹമകറ്റാൻ ആശ്രയിച്ചിരുന്ന നാരങ്ങാവെള്ളത്തിന് വിപണിയിൽ പൊള്ളുന്ന വില. കഴിഞ്ഞ മാസം കിലോയ്ക്ക് 50–60 രൂപയായിരുന്ന ചെറുനാരങ്ങയുടെ മൊത്തവ്യാപാര വില ഇപ്പോൾ 200 മുതൽ 210 രൂപ വരെയായി കുതിച്ചുയർന്നു. വില വർധിച്ചതോടെ പല ബേക്കറികളിലും കൂൾബാറുകളിലും നാരങ്ങാവെള്ളം മെനുവിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

​വിലക്കയറ്റത്തിന് പിന്നിൽ

കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. എന്നാൽ വേനൽ കടുത്തതോടെ ഈ സംസ്ഥാനങ്ങളിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വലുപ്പവും ഗുണനിലവാരവും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പച്ച നാരങ്ങയെക്കാൾ മഞ്ഞ നിറത്തിലുള്ള നാരങ്ങയ്ക്കാണ് വിപണിയിൽ ആവശ്യക്കാരും വിലയും കൂടുതൽ. നിലവിലെ സാഹചര്യത്തിൽ ഒരു ചെറുനാരങ്ങയ്ക്ക് വിപണിയിൽ 10 രൂപയിൽ കൂടുതൽ നൽകേണ്ടി വരുന്നുണ്ട്.

​പൊതുജനത്തിന് തിരിച്ചടി

സാധാരണക്കാരുടെ ആശ്രയമായിരുന്ന വഴിയോരക്കടകളിൽ പോലും നാരങ്ങാവെള്ളത്തിന് വില വർധിച്ചു. 15 രൂപയ്ക്ക് ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് ഇപ്പോൾ 20 രൂപയാണ് ഈടാക്കുന്നത്. സോഡാ നാരങ്ങയ്ക്കും വില ഉയർന്നു. നാരങ്ങയുടെ ലഭ്യത കുറഞ്ഞതോടെ വഴിയോര കച്ചവടക്കാർ ഇപ്പോൾ വത്തയ്ക്ക ജ്യൂസ്, സംഭാരം, മറ്റ് പഴവർഗങ്ങൾ എന്നിവയിലേക്കും തിരിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന സൂചനയുള്ളതിനാൽ നാരങ്ങ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.