കോഴിഫാമിനുള്ളിൽ രാസലഹരി നിർമാണ ലാബ് കണ്ടെത്തി

തെലങ്കാനയിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന രാസലഹരി നിർമാണ ലാബ് ഈഗിൾ ഫോഴ്സ് പിടികൂടി. 20 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി നാല് പേർ കസ്റ്റഡിയിൽ.

കോഴിഫാമിനുള്ളിൽ രാസലഹരി നിർമാണ ലാബ് കണ്ടെത്തി
തെലങ്കാനയിൽ കോഴിഫാമിനുള്ളിൽ രാസലഹരി നിർമാണ ലാബ് കണ്ടെത്തി; നാല് പേർ കസ്റ്റഡിയിൽ

തെലങ്കാനയിൽ കോഴിഫാമിനുള്ളിൽ രാസലഹരി നിർമാണ ലാബ് കണ്ടെത്തി; നാല് പേർ കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന രാസലഹരി നിർമാണ ലാബ് ഈഗിൾ ഫോഴ്സ് കണ്ടെത്തി. അണ്ണാസാഗർ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ലക്ഷ്മി നരസിംഹ കോഴിഫാമിലാണ് പൊലീസ് റെയ്ഡ് നടത്തി വൻതോതിൽ ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

​പുറമെ സാധാരണ കോഴിഫാമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ വൻതോതിലുള്ള സജ്ജീകരണങ്ങളോടെയാണ് ലാബ് പ്രവർത്തിച്ചിരുന്നത്. നടത്തിയ പരിശോധനയിൽ 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം രാസലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

​പ്രധാന പ്രതിയായ ജയപ്രകാശ് ഗൗഡ് മുമ്പും ലഹരി വ്യാപാരക്കേസുകളിൽ പിടിയിലായിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പ് സ്കൂളിനുള്ളിൽ രാസലഹരി നിർമിച്ച കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ, പരോളിലിറങ്ങിയ ശേഷമാണ് കോഴിഫാമിൽ പുതിയ ലാബ് തുടങ്ങിയത്. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന 'അൽപ്രസോലം' എന്ന ലഹരിവസ്തു കള്ളിന് വീര്യം കൂട്ടുന്നതിനായി വിവിധ ഷാപ്പുടമകൾക്ക് ഇയാൾ വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

​പ്രദേശത്തെ ഒരു റേഷൻ വ്യാപാരിയുടെ സ്ഥലത്താണ് ഈ കോഴിഫാം പ്രവർത്തിച്ചിരുന്നത്. അതിനാൽ ഇയാൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'ഈഗിൾ ഫോഴ്സ്' ആണ് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി ലാബ് തകർത്തത്.