ലിയോ തദ്ദേവൂസ് ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചെവിട്ടോർമ്മ’ കൊറിയയിലെ പ്രശസ്തമായ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
കൊച്ചി: 'പന്ത്രണ്ട്', 'ലോനപ്പന്റെ മാമ്മോദീസാ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ഒക്ടോബറിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ കൊറിയയിലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിവലിലെ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' (A Window on Asian Cinema) എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.
ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓസ്‌ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്‌ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറായ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം കൈകാര്യം ചെയ്തിരിക്കുന്നത്.
മരണകിടക്കയിൽ കിടക്കുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി അവരെ ലൗകിക കെട്ടുപാടുകളിൽ നിന്ന് വിടുവിച്ച് സമാധാനപരമായ മരണത്തിന് സഹായിക്കുന്ന ത്രേസ്യയുടെയും, പ്രമാണിയായ പായമ്മൽ വർക്കിച്ചന്റെയും കൂടിക്കാഴ്ചയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിന് പിന്നിൽ അണിനിരന്നിരിക്കുന്നത്. ഫ്രഞ്ച് എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് ചിത്രസംയോജനവും, ഇറാനിയൻ സംഗീതജ്ഞൻ മിലാദ് മോവഹെദി സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. മുൻപ് എൻഎഫ്ഡിസി (NFDC) കോ-പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ-പ്രൊഡക്ഷൻ ഡേ, എൻഎഫ്ഡിസി വർക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു.
അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, മിക്സിങ്: തപസ് നായക്, കളറിസ്റ്റ്: റോബർട്ട് ലാങ്, ആർട്ട് ഡയറക്ഷൻ: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം 
