ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ഏപ്രിൽ 10 ന് തിയേറ്ററുകളിലേക്ക് ആവേശമുണർത്തി ടീസർ പുറത്തിറങ്ങി
ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പി യുടെ ഔദ്യോഗിക ടീസർ കാണാം. ഏപ്രിൽ 10 ന് അഞ്ച് ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നു. 1950 കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ആക്ഷൻ ഡ്രാമയാണിത്.
ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി' ഏപ്രിൽ 10-ന് തിയേറ്ററുകളിലേക്ക്; ആവേശമുണർത്തി ടീസർ പുറത്തിറങ്ങി
കൊച്ചി: വൻ താരനിരയും ബ്രഹ്മാണ്ഡ ബജറ്റുമായി ആരാധകർ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 10-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റിലീസ് പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സി ക്യൂബ് ബ്രോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരും ചേർന്നാണ് നിർമ്മിക്കുന്നത്. നേരത്തെ ഏപ്രിൽ 9-ന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പും പശ്ചിമേഷ്യൻ സംഘർഷങ്ങളും പരിഗണിച്ച് റിലീസ് ഒരു ദിവസം നീട്ടുകയായിരുന്നു. ഗൾഫ് മേഖലയിൽ മലയാള സിനിമയ്ക്കുള്ള വലിയ സ്വീകാര്യത കൂടി കണക്കിലെടുത്താണ് നിർമ്മാതാക്കളുടെ ഈ തീരുമാനം.
1957-58 കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ ഒരു മലയോര ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അധ്വാനിക്കുന്ന സാധാരണക്കാരുടെ പോരാട്ടവും പ്രണയവും നന്മ-തിന്മകൾ തമ്മിലുള്ള സംഘർഷവുമാണ് സിനിമയുടെ ഇതിവൃത്തം. കയാദു ലോഹറാണ് ചിത്രത്തിലെ നായിക.
വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്ക് താരം ശിവകുമാർ, കന്നഡ താരം അജയ്, ജോണി ആന്റണി, ടി.ജി. രവി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവിന്റേതാണ് രചന. ജെയ്‌ക്സ് ബിജോയ്‌സ് സംഗീതവും ടിജോ ടോമി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

