നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കും മന്ത്രി രമേശ് ചെന്നിത്തല
പോലീസിന്റെ നൂതന അന്വേഷണ രീതികളിലൂടെ സംസ്ഥാനത്തെ ലഹരി ശൃംഖലകളുടെ ഉറവിടം കണ്ടെത്തി വേരറുക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ശൃംഖലയുടെ വേരറുക്കും; നൂതന അന്വേഷണ രീതികളുമായി പോലീസ്: മന്ത്രി രമേശ് ചെന്നിത്തല
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് - തൂഫാന്‍ ജാഗരണ്‍' ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകമെമ്പാടും രാസലഹരിയുടെ വ്യാപനം വര്‍ധിച്ചു വരികയാണെന്നും, കുട്ടികളുടെ സൗഹൃദവലയങ്ങളും താല്‍പ്പര്യങ്ങളും മനസ്സിലാക്കിയാണ് ലഹരി വിതരണക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ അന്വേഷണ രീതികളും സമഗ്രമായി മാറ്റിക്കൊണ്ടിരിക്കുന്നത്. ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിനായി പോലീസ് ഡോഗ് സ്‌ക്വാഡിന് പ്രത്യേക പരിശീലനം നല്‍കി വരികയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി 'ഓപ്പറേഷന്‍ തൂഫാന്‍' മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയല്‍ സംസ്ഥാനങ്ങളുമായി സഹകരണം
ലഹരി ഉപയോഗം ഒരു വ്യക്തിയുടെയോ നിയമത്തിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും സമൂഹം ഒന്നാകെ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ തമിഴ്‌നാട്, കർണാടക മുഖ്യമന്ത്രിമാരുമായും ഡി.ജി.പിമാരുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരെയും ഉടൻ കാണും. ഇതിന്റെ ഫലമായി കൂടുതൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നുണ്ട്. കൂടാതെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ കണ്ടെത്തുന്നതിന് പാലക്കാട്, കോഴിക്കോട് മേഖലകളിൽ ഇ.ഡി റൈഡുകൾ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 10,748 അറസ്റ്റ്; 170 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10,748 പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 170 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിൽ ഇടുക്കി ജില്ലയിൽ മാത്രം 662 കേസുകളിലായി 717 പേർ പ്രതികളായിട്ടുണ്ട്. 39.28 കിലോ കഞ്ചാവും, 30.912 ഗ്രാം MDMA, 113.21 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും ജില്ലയിൽ നിന്ന് പിടിച്ചെടുത്തു. പദ്ധതിയുടെ ഭാഗമായി ലഹരിക്ക് അടിമപ്പെട്ട 170-ഓളം പേർക്ക് പോലീസ് ചികിത്സ ഉറപ്പാക്കുന്നുണ്ട്.
ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങൾക്ക് പരിഹാരം
ഇടുക്കിയിലെ ഭൂപതിവ്, നിർമ്മാണ നിരോധന പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉടൻ ഇടുക്കി സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി ലോല പ്രദേശമായി (ESA) നിശ്ചയിച്ചിട്ടുള്ള 51 വില്ലേജുകൾ 28 ആയി കുറയ്ക്കാനും, ഇ.എസ്.എ വനമേഖലയിൽ മാത്രമായി ചുരുക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ചടങ്ങിൽ സമയോചിതമായ ഇടപെടലിലൂടെ വയോധികന്റെ ജീവൻ രക്ഷിച്ച ഇടുക്കി സ്റ്റേഷൻ എസ്.എച്ച്.ഒ ബിബിൻ ടി.ബി.യെ മന്ത്രി ആദരിച്ചു. റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡീൻ കുര്യാക്കോസ് എം.പി, സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം തുടങ്ങിയവർ പങ്കെടുത്തു.