നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് അരോമ 1 ചുണ്ടൻ കന്നി മത്സരത്തിൽ ചരിത്രവിജയം
72 ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലിൽ ആവേശം വിതറി അരോമ 1 ചുണ്ടൻ ജേതാക്കളായി. കന്നി മത്സരത്തിൽ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ്ബാണ് ട്രോഫി സ്വന്തമാക്കിയത്.
പുന്നമടയിൽ അരോമയുടെ ചരിത്രക്കുതിപ്പ്; നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് അരോമ 1 ചുണ്ടൻ
ആലപ്പുഴ: പുന്നമടക്കായലിൽ നടന്ന അതിവാശിയേറിയ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ അരോമ 1 ചുണ്ടൻ ജേതാക്കളായി. അരങ്ങേറ്റ മത്സരത്തിൽത്തന്നെ ചരിത്രവിജയം കുറിച്ചാണ് കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ 1 ചുണ്ടൻ നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടത്. രഞ്ജിത്ത് സജീവ് കൊച്ചുമോന്റെ നായകത്വത്തിലിറങ്ങിയ അരോമ 1, 4:23.328 മിനിറ്റ് സമയം കൊണ്ടാണ് ഫിനിഷിംഗ് പോയിന്റ് കടന്നത്.
അവസാന സെക്കൻഡ് വരെ ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പി.ബി.സി പുന്നമട, എൻ.സി.എഫ്.സി ബോട്ട് ക്ലബ് എന്നിവർ തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി (സമയം: 4:23.448). യു.ബി.സി കൈനകരി എഫ്.സി തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനത്തും (4:23.770), പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ നാലാം സ്ഥാനത്തും (4:24.015) ഫിനിഷ് ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, സഹകരണ-എക്സൈസ് മന്ത്രി എം. ലിജു, കൊടിക്കുന്നിൽ സുരേഷ് എം.പി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എമാരായ എ.ഡി. തോമസ്, റെജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവരും പങ്കെടുത്തു

