ആരോഗ്യമുള്ള സ്ത്രീ ആരോഗ്യകരമായ സമൂഹം കൊച്ചിയിൽ യോഗിനി 2026 മത്സരങ്ങൾ സംഘടിപ്പിച്ചു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ യോഗിനി 2026 യോഗ മത്സരം സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 60 ഓളം വനിതകൾ പങ്കെടുത്തു.
കൊച്ചി : കേരള സർക്കാർ ആയുഷ് വകുപ്പ് (ഹോമിയോപതി), നാഷണൽ ആയുഷ് മിഷൻ കേരളം, ആയുഷ്മാൻ ഭവ – ജില്ലാ ഹോമിയോ ആശുപത്രി എറണാകുളം എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി “യോഗിനി 2026” മത്സരം മാർച്ച് 14 ശനിയാഴ്ച ജില്ലാ ഹോമിയോ ആശുപത്രിയിൽ സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും യോഗ പരിശീലകരിൽ നിന്നും മികച്ച വനിതാ യോഗ വിദഗ്ധയെ കണ്ടെത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. “ആരോഗ്യകരമായ സ്ത്രീകൾ ആരോഗ്യകരമായ സമൂഹത്തിന്റെ അടിസ്ഥാനം” എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സിജി എബ്രഹാം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടനും, സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ മുഖ്യാതിഥിയായി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ജയകൃഷ്ണൻ കെ.വി.പി മുഖ്യപ്രഭാഷണം നടത്തി,ആയുഷ്മാൻ ഭവ കൺവീനർ ഡോ: ഹേമ തിലക്,
മെഡിക്കൽ ഓഫീസർ ഡോ: അനിശ്രീ എസ്. പ്രകാശ്, നായരമ്പലം ഹോമിയോ ഡിസ്പെൻസറി സി.എം.ഒ ഡോ: സുബിമോൾ കെ.ബി, ആയുഷ് മെഡിക്കൽ ആപ്പീസർ ഡോ: സാഗർ എന്നിവർ നേതൃത്വം നൽകി. ഡോ. അഞ്ജൽ കൃഷ്ണ, ഡോ. അനു ഏലിയാസ്, ഡോ. അപർണ വി എന്നിവർ മത്സരങ്ങൾ വിലയിരുത്തി.45 വയസ്സിന് മുകളിലുള്ള യോഗ അഭ്യസിക്കുന്നവരുടെ വിഭാഗത്തിൽ ഡാലിയ ജോൺ,18–44 വയസ്സ് വിഭാഗത്തിൽ ഗായത്രി ആർ. പ്രഭു എന്നിവർ ‘മിസ് യോഗിനി 2026’ കിരീടം നേടി. യോഗ പരിശീലകരുടെ പ്രത്യേക വിഭാഗത്തിൽ ശ്രീമോൾ ബി. വിജയിയായി. 18 മുതൽ 75 വയസ്സുവരെയുള്ള 60 ഓളം വനിതകൾ മത്സരത്തിൽ പങ്കെടുത്തു.

