എന്നെ കുടുക്കാൻ ശ്രമം, വോട്ടർമാരെ അപമാനിക്കുന്നു പണം നൽകൽ വിവാദത്തിൽ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നിശബ്ദ പ്രചാരണത്തിനിടെ പണം വിതരണം ചെയ്തു എന്ന ആരോപണത്തിൽ മറുപടിയുമായി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. തനിക്കെതിരെ ഗൂഢാലോചന നടന്നതായും ലൈംഗികാധിക്ഷേപം ഉണ്ടായതായും ശോഭ ആരോപിച്ചു.
പാലക്കാട്:നിശബ്ദപ്രചാരണ ദിവസം വോട്ടിനു പണം നൽകി എന്ന പേരിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട്ടെ വോട്ടർമാരെ മുഴുവൻ അപമാനിക്കുകയാണെന്നും പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. വീടുകളിൽ പ്രചാരണത്തിനു പോയപ്പോൾ ഒരു കാർ തന്നെ പിന്തുടർന്നിരുന്നു. കാര്യമന്വേഷിക്കാൻ കാറിനടുത്തേക്കു ചെന്നപ്പോൾ അതിലുണ്ടായിരുന്ന ചെറുപ്പക്കാരൻ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു. പണം നൽകി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറിൽ അവർ കയറിയിട്ടില്ലെന്നും ശോഭ പറഞ്ഞു.ഒരു കാർ ഒരു മണിക്കൂറിലധികം എന്നെ ഫോളോ ചെയ്തു. ഓരോ വീടിന്റെ മുന്നിൽ ഇറങ്ങുമ്പോഴും ആ കാർ എന്റെ പിന്നിൽ വന്ന് നിന്നു. ആ കാർ എന്തിനാണ് എന്നെ ഫോളോ ചെയ്തത് ? ആ കാറിന്റെ ഫോട്ടോ ഞാനെടുത്തിട്ടുണ്ട്. അതിന്റെ നമ്പറും കയ്യിലുണ്ട്. ശോഭാ സുരേന്ദ്രൻ വോട്ടിനു പണം നൽകിയെന്ന പരാതി ഇന്നലെത്തന്നെ കിട്ടിയെന്നാണ് കലക്ടർ പറഞ്ഞത്. ആദ്യമേ പരാതി തയ്യാറാക്കിയ ശേഷമാണ് എന്നെ കുടുക്കാന്‍ ശ്രമിച്ചത്. എന്റെ ഭാഗം കേൾക്കാതെയാണ് വ്യക്തിപരമായി അപമാനിക്കുന്നത്. പണം വാങ്ങിയതായി പറയപ്പെടുന്ന അമ്മ പറഞ്ഞത് അവർക്ക് ആരും പണം നൽകിയിട്ടില്ലെന്നാണ്. അതോടെ ആ കഥ പൊളിഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഒരു പാവപ്പെട്ട കുടുംബത്തെയും അമ്മയെയും സമ്മർദത്തിലാക്കുകയായിരുന്നു കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും. എന്നെ പിന്തുടർന്ന കാർ വിനേഷ് സർഗ എന്ന ക്രിമിനലാണ് ഓടിച്ചത്. അവന്റെ സൈഡിൽ മുഖം മറച്ച് ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കാറിന്റെ പിന്നിലിരുന്ന ചെറുപ്പക്കാരനാണ് മൂന്നു തവണ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചത്. ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിലായിരുന്നു അത്. വളരെ മോശമായി പെരുമാറിയതു കൊണ്ടാണ് കാറിനരികിലേക്ക് പോയത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകും. എനിക്കെതിരെ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം ഉണ്ടയില്ലാ വെടികളാണ്. ഇതെന്റെ പത്താമത്തെ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് ചട്ടം എന്താണെന്ന് അറിയാതെ മത്സരിക്കാൻ വന്നയാളല്ല ശോഭാ സുരേന്ദ്രൻ. എന്നെ കാണാൻ ഒരാൾ എറണാകുളത്തുനിന്നു വന്നിട്ടു പോയി. ഒരു മാധ്യമവും അതറിഞ്ഞിട്ടില്ല. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് അത്. പത്താം തീയതിയ്ക്ക് ശേഷം കളി കേരളം കാണാൻ പോവുന്നതേയുള്ളൂ. എനിക്കു കിട്ടിയ പരാതികളൊക്കെ ഫയലിൽ വച്ചിരിക്കുകയാണ്’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന ആരോപണത്തെയും ശോഭാ സുരേന്ദ്രൻ തള്ളിക്കളഞ്ഞു.എന്റെ കാറിൽ ഞാനും പ്രമീള എന്ന ചേച്ചിയും അല്ലാതെ മറ്റാരുമില്ലായിരുന്നു. ദൃശ്യങ്ങളിലുള്ള വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ ആരുടെ കൂടെയെത്തിയതാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണം. കാറിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ എങ്ങനെയാണ് ഒരു ചാനലിന് മാത്രം ലഭിച്ചത്. ആ സ്ത്രീയുടെ മുഖം വെളിപ്പെടുത്താൻ മാധ്യമങ്ങൾ തയാറാകണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

