കുറുവ വേഷത്തിൽ മോഷണം കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിൽ വലയിലായി
സ്പൈഡർ സുനിൽ വീണ്ടും വലയിൽ കുറുവ മോഷ്ടാക്കളുടെ രീതി പകർത്തി ഭീതി പരത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്പൈഡർ' സുനിൽ വീണ്ടും വലയിൽ: കുറുവ മോഷ്ടാക്കളുടെ രീതി പകർത്തി ഭീതി പരത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
വള്ളികുന്നം: വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ മോഷണ പരമ്പര നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് 'സ്പൈഡർ' സുനിലിനെയും സഹായിയെയും പോലീസ് പിടികൂടി. കൃഷ്ണപുരം കാപ്പിൽ മുറിയിൽ അശ്വിൻ ഭവനത്തിൽ സുനിൽ പി. (47), ഇയാളുടെ സഹായി കായംകുളം പുള്ളിക്കണക്ക് സ്വദേശി ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡി.വൈ.എസ്.പി.യുടെ പ്രത്യേക സംഘവും വള്ളികുന്നം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ, തെക്കേമങ്കുഴി, വട്ടയ്ക്കാട്, കിണറുമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ കുറച്ചു കാലമായി ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷണങ്ങൾക്കാണ് ഇതോടെ അറുതിയായത്. നാൽപ്പതോളം വാഹന മോഷണക്കേസുകളിൽ പ്രതിയായ സുനിൽ, ജയിലിൽ വെച്ച് തമിഴ് കുറുവ മോഷ്ടാക്കളിൽ നിന്നാണ് വീട് കുത്തിത്തുറന്നുള്ള മോഷണ രീതികൾ പഠിച്ചെടുത്തത്.
മോഷണ രീതി:
പകൽ സമയങ്ങളിൽ ബുള്ളറ്റിൽ കറങ്ങി നടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടുവെക്കും. സിസിടിവികളിൽ പതിയാതിരിക്കാൻ റോഡുകൾ ഒഴിവാക്കി പാടശേഖരങ്ങളിലൂടെയും പറമ്പുകളിലൂടെയും കിലോമീറ്ററുകളോളം നടന്ന് ലക്ഷ്യസ്ഥാനത്തെത്തും. അടിവസ്ത്രം മാത്രം ധരിച്ച്, തലയിലൂടെ ലുങ്കി പുതച്ച് മാരകായുധങ്ങളുമായാണ് ഇയാൾ മോഷണത്തിനെത്തുന്നത്. കുറുവ സംഘമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ വേഷം.
ഏകദേശം 30-ഓളം കേസുകൾ ഇയാൾ സമ്മതിച്ചിട്ടുണ്ട്. മോഷണമുതലുകൾ ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ (GPR) സംവിധാനമടക്കം ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. വള്ളികുന്നം ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ, എസ്.ഐ കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

