നാളെ മുതൽ എസ്ബിഐക്ക് 6 ദിവസം അവധി പണിമുടക്കും പെരുന്നാളും ഒരുമിച്ച്, കേരളത്തിൽ അഞ്ച് ദിവസം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് നാളെ മുതൽ തുടർച്ചയായ ദിവസങ്ങളിൽ അവധി. പതിവ് അവധികൾക്കൊപ്പം ജീവനക്കാരുടെ പണിമുടക്കും ഒത്തു വന്നതോടെയാണ് ബാങ്ക് പ്രവർത്തനത്തെ ബാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം.
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ശാഖകൾക്ക് നാളെ മുതൽ തുടർച്ചയായ ദിവസങ്ങളിൽ അവധി. സാധാരണ അവധി ദിവസങ്ങൾക്കൊപ്പം ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ഒരുമിച്ച് എത്തിയതോടെയാണ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായത്.
എല്ലാ മാസത്തെയും പോലെ മേയിലെ നാലാം ശനിയാഴ്ചയായ നാളെയും (മേയ് 23) തൊട്ടടുത്ത ഞായറാഴ്ചയും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയാണ്. ഇതിന് പിന്നാലെ മേയ് 25, 26 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ രാജ്യവ്യാപകമായി പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാരെ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധം ഉൾപ്പെടെയുള്ള ഉന്നയിച്ചാണ് സമരം.
തുടർന്ന് വരുന്ന മേയ് 27, 28 തീയതികളിൽ ബക്രീദ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവധിയായിരിക്കും. എന്നാൽ കേരളത്തിൽ മേയ് 28നാണ് ബക്രീദ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ മേയ് 27ന് കേരളത്തിലെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. ഫലത്തിൽ, മറ്റ് സംസ്ഥാനങ്ങളിൽ ആറ് ദിവസത്തെ അവധി വരുമ്പോൾ കേരളത്തിൽ 27 ഒഴികെയുള്ള അഞ്ച് ദിവസങ്ങളിലായിരിക്കും ബാങ്ക് സേവനങ്ങൾ മുടങ്ങുക.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും
ബാങ്ക് ശാഖകൾ അവധിയായിരിക്കുമെങ്കിലും ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എടിഎം (ATM), യുപിഐ (UPI) തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ഈ ദിവസങ്ങളിലും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കിൽ നേരിട്ടെത്തി ചെയ്യേണ്ട ചെക്ക് ക്ലിയറിങ്, ലോൺ സംബന്ധമായ കാര്യങ്ങൾ എന്നിവയെ പണിമുടക്കും അവധിയും ബാധിച്ചേക്കാം. ഇടപാടുകാർ മുൻകൂട്ടി കാര്യങ്ങൾ പ്ലാൻ ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.