കല്യാണി പണിക്കരുടെ അരങ്ങേറ്റം ഷറഫുദീനൊപ്പം മധുവിധു ഏപ്രിൽ 23ന് തീയേറ്ററുകളിലെത്തും
ഷറഫുദീൻ, കല്യാണി പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മധുവിധു ഏപ്രിൽ 23ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.
സെൻസറിംഗ് പൂർത്തിയായി; ഷറഫുദീൻ ചിത്രം 'മധുവിധു' ഏപ്രിൽ 23ന് തീയേറ്ററുകളിലേക്ക്!
കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷറഫുദീൻ ചിത്രം ‘മധുവിധു’ റിലീസിന് തയ്യാറെടുക്കുന്നു. സെൻസറിംഗ് നടപടികൾ പൂർത്തിയാക്കിയ ചിത്രത്തിന് ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനർ ഏപ്രിൽ 23ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.
വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാമത് നിർമ്മാണ സംരംഭമാണ്. ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവ്വഹിക്കുന്നു. അഞ്ച് പുരുഷന്മാർ മാത്രമുള്ള, സ്ത്രീകളില്ലാത്ത ഒരു കുടുംബത്തിന്റെ രസകരമായ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ "എൻ കാതാകെ നീ ചൊല്ലിയോ", "മെല്ലവേ മെല്ലവേ" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.