സമരം അടിച്ചമർത്താൻ നീക്കം? പള്ളിപ്പുറത്ത് സമരപ്പന്തലിൽ പോലീസും ജനങ്ങളും മുഖാമുഖം
ചേർത്തല പള്ളിപ്പുറം തവണക്കടവിൽ ഡ്രഡ്ജിംഗിനെതിരെ നടക്കുന്ന സമരപ്പന്തലിൽ പോലീസ് ഇടപെടൽ. മൈക്ക് നീക്കം ചെയ്തതിനെച്ചൊല്ലി വാക്കുതർക്കം. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനം
വേമ്പനാട് കായൽ ഡ്രഡ്ജിങ് വിരുദ്ധ സമരം: സമരപ്പന്തലിൽ പോലീസ് ഇടപെടൽ; സംഘർഷാവസ്ഥ ഒഴിഞ്ഞു
ആലപ്പുഴ: ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രഡ്ജിംഗിനെതിരെ തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപ്പന്തലിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കം. മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. എന്നാൽ പ്രവർത്തകർ സംയമനം പാലിച്ചതോടെ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവായി.
പോലീസ് ബലംപ്രയോഗിച്ച് മൈക്ക് മാറ്റിയെങ്കിലും പ്രതിഷേധയോഗം സമാധാനപരമായി തുടർന്നു. സമാധാനപരമായി സമരം ചെയ്യുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി സമരം അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സമരസമിതി ചെയർമാൻ പി.ഡി. സബീഷ് ആരോപിച്ചു. ഇത് ജനാധിപത്യ ലംഘനമാണെന്നും വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ട് നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ ജോസഫ് സെന്തോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ ഡി.സി.സി സെക്രട്ടറി എം.ആർ. രാജേഷ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സംസാരിച്ചു.