സുരക്ഷാ കവചമൊരുക്കി പോലീസ്
പുതുവത്സരാഘോഷം റൂറൽ ജില്ലയിൽ സുരക്ഷാ കവചമൊരുക്കി പോലീസ്. 1200 ഉദ്യോഗസ്ഥരെ വിന്യസിക്കും
പുതുവത്സരാഘോഷം: റൂറൽ ജില്ലയിൽ സുരക്ഷാ കവചമൊരുക്കി പോലീസ്; 1200 ഉദ്യോഗസ്ഥരെ വിന്യസിക്കും
കൊച്ചി: പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ റൂറൽ ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരത്തി ഇരുന്നൂറോളം പോലീസുദ്യോഗസ്ഥരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുന്നത്.
ആഘോഷങ്ങൾ കേന്ദ്രീകരിക്കുന്ന പ്രധാന സ്ഥലങ്ങളിൽ അധിക പോലീസിനെ വിന്യസിക്കുന്നതിനൊപ്പം പ്രത്യേക പട്രോളിംഗ് സംഘങ്ങളും റോന്ത് ചുറ്റും. ലഹരി മരുന്നിന്റെ ഉപയോഗവും വിതരണവും തടയാൻ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡുകളെയും രംഗത്തിറക്കിയിട്ടുണ്ട്. മഫ്ടി പോലീസിന്റെ കർശന നിരീക്ഷണവും ആഘോഷ സ്ഥലങ്ങളിൽ ഉണ്ടാകും.
മദ്യപിച്ച് വാഹനമോടിക്കുന്നവർ, അമിതവേഗതയിൽ എത്തുന്നവർ എന്നിവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ പ്രധാന കവലകളും ആഘോഷ മേഖലകളും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

