കെ ജി രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.ജി. രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കെ.ജി. രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ കെ.ജി. രാധാകൃഷ്ണനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക സത്യവാചകം ചൊല്ലിക്കൊടുത്തു. പാമ്പാക്കുട ഡിവിഷനിൽ നിന്നുള്ള അംഗമാണ് രാധാകൃഷ്ണൻ.
കാലഘട്ടത്തിനനുസരിച്ചുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോകുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ കെ.ജി. രാധാകൃഷ്ണൻ സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിൽ നിന്നാണ് പൊതുരംഗത്തേക്ക് എത്തിയത്. സസ്യശാസ്ത്രത്തിൽ ബിരുദധാരിയായ ഇദ്ദേഹം നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
കെ.കെ. ഗോവിന്ദന്റെയും പരേതയായ ലീല ഗോവിന്ദന്റെയും മകനാണ്. വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപിക പ്രിയ നാരായണനാണ് ഭാര്യ. പ്ലസ് ടു വിദ്യാർത്ഥിനി കെ.ആർ. ദേവനന്ദ, എട്ടാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണ എന്നിവർ മക്കളാണ്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

