വ്യാജ കത്ത് വിവാദം കെ. സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വ്യാജ ലെറ്റർഹെഡിൽ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

വ്യാജ കത്ത് വിവാദം കെ. സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി
കെ. സുധാകരൻ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സുധാകരന്റെ സഹോദരിയുടെ മകനായ അജിത്തിനെ കണ്ണൂർ സൈബർ പൊലീസാണ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

​നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ. സുധാകരനെ മത്സരിപ്പിക്കരുതെന്നും പകരം മുൻ മേയർ ടി.ഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് സണ്ണി ജോസഫ് അയച്ചതെന്ന രീതിയിലായിരുന്നു കത്ത് പ്രചരിച്ചത്. കെപിസിസി പ്രസിഡന്റിന്റെ ഔദ്യോഗിക ലെറ്റർഹെഡ് മാതൃകയിലാണ് കത്ത് വ്യാജമായി നിർമ്മിച്ചത്.

​സ്ഥാനാർഥി നിർണയ വേളയിൽ കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ താല്പര്യം പ്രകടിപ്പിച്ചത് കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ ടി.ഒ. മോഹനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുധാകരന്റെ സ്ഥാനാർഥിത്വം തടഞ്ഞത് സണ്ണി ജോസഫ് ആണെന്ന് വരുത്തിത്തീർത്ത് പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാനായിരുന്നു ഇതിനു പിന്നിലെ നീക്കമെന്ന് പൊലീസ് കരുതുന്നു.

​സണ്ണി ജോസഫിന്റെ പരാതിയിൽ കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവരെ പൊലീസ് നേരത്തെ പ്രതിചേർത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജിത് കുമാറിലേക്ക് അന്വേഷണം നീണ്ടത്. എന്നാൽ, വിവിധ ഗ്രൂപ്പുകളിൽ വന്ന സന്ദേശം മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും കത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് അജിത് കുമാർ പൊലീസിന് നൽകിയ മൊഴി.