വൈദ്യുതി സേവനങ്ങൾ ജനങ്ങളിലേക്ക് സോളാർ വൈദ്യുതി സംഭരണത്തിന് ഊന്നൽ നൽകും മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി മേഖലയെ ജനസൗഹാർദമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി ജില്ലാതല അവലോകന യോഗം ചേർന്നു.
വൈദ്യുതി മേഖലയെ ജനസൗഹാർദമാക്കും: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി മേഖലയെ ജനസൗഹാർദമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അധികാരങ്ങളുടെയും ചുമതലകളുടെയും വികേന്ദ്രീകരണമാണ് ഇവിടെ വേണ്ടതെന്നും വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കിഴക്കേക്കോട്ട പവർഹൗസ് ബിൽഡിംഗിൽ നടത്തിയ കെ.എസ്.ഇ.ബി തിരുവനന്തപുരം ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതചര്യകൾ വൈദ്യുതിയുമായി പൂർണ്ണമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ വായു, ജലം, വൈദ്യുതി എന്നതായി മാറിക്കഴിഞ്ഞു. ജീവിതത്തെ ചലിപ്പിക്കാൻ ഏറ്റവും ആവശ്യമായ കാര്യങ്ങളാണ് ഇവയെല്ലാമെന്നും വൈദ്യുതിയുടെ ഉത്പാദനം, പ്രസരണം, വിതരണം എന്നിവ കാര്യക്ഷമമാക്കാൻ കടപ്പെട്ടവരാണ് നമ്മൾ ഓരോരുത്തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി വകുപ്പിനെ ജനസൗഹാർദമാക്കുന്ന കാര്യം സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യണം. വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ സെക്ഷനുകളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കും. ഈ സിസ്റ്റം ഫലപ്രദമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കും. പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി ഉൾപ്പെടെയുള്ളവ രാത്രിയിലേക്ക് സംഭരിച്ചു വെക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളുമാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്തത്. കുളത്തൂർ, ചപ്പാത്ത് എന്നിവിടങ്ങളിലെ 110 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണം, ബോണക്കാട് പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി, വെഞ്ഞാറമൂട് മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തിരമായി മാറ്റിസ്ഥാപിക്കൽ, ഹൈവേകളിലെ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തത്, നേമം മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ അപകടകരമായ രീതിയിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ഗൗരവമായി അവലോകനം ചെയ്തു.
യോഗത്തിൽ എം.എൽ.എമാരായ എം. വിൻസെന്റ്, സുധീർ ഷാ പാലോട്, രമ്യ ഹരിദാസ്, എം.ആർ ബൈജു, ജി. സ്റ്റീഫൻ, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ആർ. ജയദേവൻ, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ആൻഡ് എസ്.സി.എം ഡയറക്ടർ രാജീവ് കെ.ആർ, ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ വി. ശിവദാസ്, ചീഫ് എഞ്ചിനീയർ ബിജു ആർ.ആർ, എം.എൽ.എമാരുടെ പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.