ഓണാഘോഷത്തിൽ പാട്ടിൻ പൂക്കളം തീർത്ത് വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും
തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷവേദികളായ നിശാഗാന്ധിയിലും സെൻട്രൽ സ്റ്റേഡിയത്തിലും ജനസാഗരം. മധു ബാലകൃഷ്ണന്റെയും വിനീത് ശ്രീനിവാസന്റെയും സംഗീതനിശയും കൃഷ്ണപ്രഭയുടെ നൃത്തവും ആഘോഷങ്ങൾക്ക് പൊലിമേകി.
ഓണാഘോഷത്തിൽ പാട്ടിൻ പൂക്കളം തീർത്ത് വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനും
തിരുവനന്തപുരം: തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് പ്രധാന വേദികളിൽ പ്രമുഖ കലാകാരന്മാരുടെ കച്ചേരികളും നൃത്തപരിപാടികളും അരങ്ങേറി. നിശാഗാന്ധിയിൽ പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതനിശ വൻ ജനശ്രദ്ധ നേടി. ചലച്ചിത്രതാരവും നർത്തകിയുമായ കൃഷ്ണപ്രഭയുടെയും സംഘത്തിന്റെയും മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ആഘോഷങ്ങൾക്ക് നിശാഗാന്ധിയിൽ തിരശ്ശീല ഉയർന്നത്.
"കേരളം കേരളം കേളികൊട്ടുണരുന്ന കേരളം", "സുമുഹൂർത്തമായി സ്വസ്‌തി", "രാവേറെയായ് പൂവേ" തുടങ്ങിയ പ്രശസ്തമായ ഹിറ്റ് ഗാനങ്ങളിലൂടെ മധു ബാലകൃഷ്ണൻ സദസ്സിനെ ആവേശത്തിലാക്കി. "വാതിക്കല് വെള്ളരിപ്രാവ്" എന്ന ഗാനവുമായി നിത്യാ മാമനും, "ആരോമലേ പൊൻതൂവലേ", "ചന്ദ്രചൂഢ ശിവശങ്കര" എന്നീ ഗാനങ്ങളോടെ നന്ദയും, 'പാടി തൊടിയിലേതോ..." എന്ന ഗാനവുമായി വൃന്ദയും വേദി കീഴടക്കി. സ്റ്റാർ സിംഗർ താരങ്ങളായ ശ്രീരാഗും ബൽറാമും കൂടി ചേർന്നതോടെ സദസ്സ് പൂർണ്ണമായും ആഘോഷത്തിലമർന്നു.
ടൂറിസം, സാംസ്‌കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥ്, ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ എന്നിവർ നിശാഗാന്ധിയിലെ നിറഞ്ഞ സദസ്സിനൊപ്പം കലാപരിപാടികൾ ആസ്വദിക്കാൻ എത്തിയിരുന്നു.
തലസ്ഥാനത്തെ മറ്റു പ്രധാന വേദികളിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സെൻട്രൽ സ്റ്റേഡിയത്തിൽ ചലച്ചിത്ര താരവും ഗായകനുമായ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച ഗാനവിരുന്ന് യുവാക്കളെ ഇളക്കിമറിച്ചപ്പോൾ, കോവളത്ത് വയലാർ ശരത്ചന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ അരങ്ങേറിയ 'ഗന്ധർവ്വ യാമം' ഏറെ ശ്രദ്ധേയമായി.