കനകക്കുന്നിൽ ഫുഡ് ഫെസ്റ്റിന് തുടക്കം വാഴപ്പിണ്ടിപ്പായസത്തിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷ ഫുഡ് ഫെസ്റ്റിവലും പായസ മത്സരവും ആരംഭിച്ചു. കുടുംബശ്രീയുടെ വാഴപ്പിണ്ടി പായസത്തിന് ഒന്നാം സ്ഥാനം
കനകക്കുന്നിൽ പായസമധുരത്തോടെ ഫുഡ് ഫെസ്റ്റിന് തുടക്കം; വാഴപ്പിണ്ടിപ്പായസത്തിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിനും അതിനോടനുബന്ധിച്ചു നടന്ന പായസ മത്സരത്തിനും ആവേശകരമായ തുടക്കം. വ്യത്യസ്തമായ വാഴപ്പിണ്ടി പായസം തയ്യാറാക്കിയ കുടുംബശ്രീ യൂണിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ജലജ ഷാജു, ഷാഹിദ, ഫാത്തിമ സുഹ്‌റ എന്നിവരടങ്ങുന്ന ടീമാണ് വാഴപ്പിണ്ടി പായസമൊരുക്കി വിജയികളായത്.
മലബാർ ട്രഡീഷണൽ ഏത്തപ്പഴം പായസം, ഇളനീർ പായസം, ചക്കക്കുരു പ്രഥമൻ എന്നിവയൊരുക്കിയ കാസർകോടു സ്വദേശി ഷിഫ ഫാത്തിമ രണ്ടാംസ്ഥാനവും, തൈക്കാട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായ വിനീത് എ. എം. (കടലപ്പായസം) മൂന്നാം സ്ഥാനവും നേടി. സൂര്യകാന്തി വേദിയിൽ നടന്ന ചടങ്ങിൽ ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി. നിർവഹിച്ചു. ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥ് വിജയികൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരങ്ങളും സമ്മാനിച്ചു. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.
ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തനത് വിഭവങ്ങളും ആദിവാസി വിഭവങ്ങളും ഉൾക്കൊള്ളുന്ന 15 സ്റ്റാളുകളാണ് ഫെസ്റ്റിവലിലുള്ളത്. 13 പേർ പങ്കെടുത്ത മത്സരത്തിൽ മാസ്കോട്ട് ഹോട്ടൽ ചീഫ് എക്സിക്യൂട്ടീവ് ഷെഫ് അരുൺ എസ്.എച്ച്, കെടിഡിസി ചൈത്രം ഹോട്ടൽ ചീഫ് ഷെഫ് ബാബുരാജ് എസ്. എന്നിവർ വിധികർത്താക്കളായി.