തൊടുപുഴ ബസ് സ്റ്റാന്റിലെ അമിത ശബ്ദകോലാഹലം കർശന നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ സിസിടിവിയും സ്ഥാപിക്കും
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ചികിത്സാ സഹായത്തിന്റെ പേരിൽ നടത്തുന്ന അമിത ശബ്ദത്തിലുള്ള ഗാനമേളകൾക്കെതിരെ കർശന നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
തൊടുപുഴ ബസ് സ്റ്റാന്റിലെ അമിത ശബ്ദം: കർശന നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ചികിത്സാ സഹായത്തിനെന്ന പേരിൽ നടത്തുന്ന ഗാനമേളകളുടെ ശബ്ദം അനുവദനീയമായ ഡെസിബെല്ലിന് മുകളിലാണെങ്കിൽ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്കും തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും (SHO) നിർദ്ദേശം നൽകി. കുടയത്തൂർ സ്വദേശി ഡെന്നീസ് എബ്രഹാം സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഈ ഇടപെടൽ.
ചികിത്സാ ധനസഹായത്തിന്റെ മറവിൽ, യാതൊരുവിധ അനുമതിയുമില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിച്ച് ഗാനമേളകൾ നടത്തുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസ് സ്റ്റാന്റ് പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും, യാചക നിരോധന ബോർഡുകൾ സ്ഥാപിക്കാനും തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തൊടുപുഴ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ബസ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും പെട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ രോഗികളുടെ ചികിത്സാ സഹായത്തിനായി ബസ് സ്റ്റാന്റിൽ നടത്തുന്ന ഗാനമേളകൾ, പ്രത്യേക അനുമതി ആവശ്യമില്ലാത്ത 50 ഡെസിബെല്ലിൽ താഴെയുള്ള മൈക്കുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ശബ്ദപരിധി ലംഘിക്കുന്നതായി വ്യക്തമായ വിവരം ലഭിച്ചാൽ ഉടൻ തന്നെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തൊടുപുഴ എസ്എച്ച്ഒ അറിയിച്ചു.