സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച തലസ്ഥാനത്ത് രാവിലെ 7 മുതൽ വിപുലമായ ട്രാഫിക് ക്രമീകരണം
സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 7 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. പാർക്കിങ് സ്ഥലങ്ങളും റൂട്ടുകളും അറിയാം.
സത്യപ്രതിജ്ഞാ ചടങ്ങ്: തിങ്കളാഴ്ച തിരുവനന്തപുരത്ത് വിപുലമായ ഗതാഗത ക്രമീകരണം; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിത്തിൽ തിങ്കളാഴ്ച (മേയ് 18) രാവിലെ 10 മണിക്ക് നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 7 മണി മുതൽ നഗരത്തിൽ ട്രാഫിക് നിയന്ത്രണമുണ്ടാകും.
ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് 0471-2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രധാന ഗതാഗത തിരിച്ചുവിടലുകൾ (Route Diversions):
പേരൂർക്കട, ശാസ്തമംഗലം ഭാഗം: സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം - വഴുതയ്ക്കാട് - വിമൻസ് ജംക്‌ഷൻ - തൈക്കാട് വഴി തിരിഞ്ഞു പോകണം.
പി.എം.ജി ഭാഗം: സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ജി.വി രാജ – എൽ.എം.എസ് - മ്യൂസിയം - മാനവീയം റോഡ് – ആൽത്തറ - വഴുതയ്ക്കാട് - വിമൻസ് കോളജ് ജംക്‌ഷൻ - തൈക്കാട് വഴി പോകണം.
ഓവർബ്രിഡ്ജ് ഭാഗം: സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഫ്ലൈഓവർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
വാഹന പാർക്കിങ് കേന്ദ്രങ്ങൾ:
വലിയ വാഹനങ്ങൾ/കാറുകൾ: ഓവർബ്രിഡ്ജ് - തമ്പാനൂർ - മോഡൽ സ്കൂൾ - പനവിള - ബേക്കറി സ്കൂൾ ഗ്രൗണ്ട്, ടാഗോർ തിയറ്റർ കോംപൗണ്ട്, പി.എം.ജി - ലോ കോളജ് റോഡ്, കവടിയാർ - കുറവൻകോണം റോഡ് (ഇടതുവശം), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ - കേശവദാസപുരം റോഡ് (ഇടതുവശം) എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
ഇരുചക്ര വാഹനങ്ങൾ (Motorcycles): പുളിമൂട് - ഓവർബ്രിഡ്ജ് റോഡ് (ഇരുവശവും), എ.കെ.ജി - സ്പെൻസർ റോഡ്, വി.ജെ.ടി - ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർവശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.