ആചാരപ്പൊലിമയോടെ കനകക്കുന്ന് ദാരികവധം മുടിയേറ്റും നാടൻ കലകളും ശ്രദ്ധേയമായി
അവിട്ടം ദിനത്തിൽ കനകക്കുന്നിലെ വിവിധ വേദികളിൽ അരങ്ങേറിയ പാരമ്പര്യ കലാരൂപങ്ങൾ കാണികൾക്ക് വേറിട്ട അനുഭവമായി. നിശാഗന്ധിയിൽ പെരുമ്പാവൂർ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് ശ്രദ്ധേയമായി
ആചാരാനുഷ്ഠാന പെരുമയിൽ കനകക്കുന്ന്: തിരിയുഴിച്ചിലും മംഗലംകളിയും കാണികൾക്ക് വേറിട്ട അനുഭവമായി
തിരുവനന്തപുരം: കനകക്കുന്നിലെ വിവിധ വേദികളിൽ പാരമ്പര്യ പൈതൃകം വിളിച്ചോതുന്ന അപൂർവ്വ കലാരൂപങ്ങളുടെ അവതരണം കാണികൾക്ക് പുതിയ അനുഭവമായി. ഓണാഘോഷത്തോടനുബന്ധിച്ച് അവിട്ടം ദിനത്തിലാണ് കേരളത്തിന്റെ പരമ്പരാഗത ആചാരാനുഷ്ഠാന കലകൾ അരങ്ങേറിയത്.
നിശാഗന്ധി വേദിയിൽ നടന്ന 'ദാരികവധം' മുടിയേറ്റ് കാണികളുടെ വൻ പ്രശംസ നേടി. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധവും ദാരികവധവുമാണ് ഈ കലാരൂപത്തിന്റെ പ്രമേയം. കഴിഞ്ഞ 42 വർഷമായി ഈ രംഗത്ത് സജീവമായ പെരുമ്പാവൂർ കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് നാല് പ്രധാന കഥാപാത്രങ്ങൾ വേദിയിലെത്തിയത്.
സംഗീതം, വാദ്യം, വേഷവിധാനം, മുഖത്തെഴുത്ത് എന്നിവയുടെ അപൂർവ്വ സമന്വയത്തിലൂടെ കാണികളെ ഉദ്വേഗഭരിതരാക്കിയ അവതരണം ഒടുവിൽ ഭക്തിനിർഭരമായ കാളീരൂപത്തോടെയാണ് അവസാനിച്ചത്. പ്രധാന വേദിക്കു പുറമെ തിരിയുഴിച്ചിൽ, മംഗലം കളി തുടങ്ങിയ അപൂർവ്വ നാടൻ കലാരൂപങ്ങളും കനകക്കുന്നിൽ കാണികൾക്കായി ഒരുക്കിയിരുന്നു.