തബുവിന്റെ മാസ് കഥാപാത്രം ഗൗരി ഹെഗ്ഡെ
പുരി ജഗനാഥ് വിജയ് സേതുപതി ചിത്രം സ്ലം ഡോഗ് 33 ടെംപിൾ റോഡ് എന്ന ചിത്രത്തിലെ നടി തബുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗ്ലിമ്പ്സ് പുറത്ത്.
'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': തബുവിന്റെ മാസ് കഥാപാത്രം 'ഗൗരി ഹെഗ്ഡെ'; ഗ്ലിമ്പ്സ് പുറത്തുവിട്ട് അണിയറപ്രവർത്തകർ
ഹൈദരാബാദ്: വിജയ് സേതുപതിയെ നായകനാക്കി പ്രമുഖ തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്' എന്ന ചിത്രത്തിലെ നടി തബുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗ്ലിമ്പ്സ് വീഡിയോ പുറത്തുവന്നു. ചിത്രത്തിൽ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായ 'ഗൗരി ഹെഗ്ഡെ' എന്ന തീപ്പൊരി ഓഫീസറായാണ് തബു എത്തുന്നത്.
കുറ്റവാളികൾക്ക് നേരെ നിർദയമായി നടപടിയെടുക്കുന്ന, ആത്മവിശ്വാസവും ആജ്ഞാശക്തിയുമുള്ള ശക്തമായ കഥാപാത്രമാണ് തബുവിന്റേതെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. സംയുക്തയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
സ്റ്റൈലിഷ് ലുക്കിൽ വിജയ് സേതുപതി
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ചേരിപ്രദേശങ്ങളിലെ ജീവിതപശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ വിജയ് സേതുപതി ഒരു അന്ധന്റെ ഗെറ്റപ്പിലും അല്ലാതെയും പ്രത്യക്ഷപ്പെടുന്നുണ്ട്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
വൻ താരനിരയും സാങ്കേതിക വിദഗ്ധരും
പുരി ജഗന്നാഥ് തന്നെ രചനയും നിർവ്വഹിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് പ്രൊജക്റ്റുകളിലൊന്നാണ്.
അഭിനേതാക്കൾ: തബു, വിജയ് സേതുപതി, സംയുക്ത എന്നിവർക്ക് പുറമെ കന്നഡ താരം വിജയ് കുമാർ (വില്ലൻ വേഷത്തിൽ), സറീന വഹാബ്, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
നിർമ്മാണം: പുരി കണക്ട്സ്, ജെ.ബി. മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൗർ, ജെ.ബി. നാരായൺ റാവു കോൺഡ്രോള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീതം: 'അർജുൻ റെഡ്ഡി', 'അനിമൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ.
ഛായാഗ്രഹണം & എഡിറ്റിങ്: സാം കെ. നായിഡു (ഛായാഗ്രഹണം), സന്തോഷ് നൂസില (എഡിറ്റിങ്).
നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ തിയേറ്ററുകളിലെത്തും.

