ടി.ജി. രവിക്കും ഭീമൻ രഘുവിനും സുവർണ്ണ മുദ്ര പുരസ്‌കാരം
തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷം ശ്രദ്ധേയമായി
തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷം ശ്രദ്ധേയമായി; ടി.ജി. രവിക്കും ഭീമൻ രഘുവിനും 'സുവർണ്ണ മുദ്ര'
തൃശൂർ: മഹാനടൻ തിലകന്റെ 90-ാം ജന്മദിനാഘോഷവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷവും തൃശൂർ സംഗീത നാടക അക്കാദമിയിൽ വെച്ച് നടന്നു. തൃശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തിലകൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ 'സുവർണ്ണ മുദ്ര പുരസ്‌കാരം' പ്രശസ്ത നടന്മാരായ ടി. ജി. രവിക്കും ഭീമൻ രഘുവിനും സമ്മാനിച്ചു. ചലച്ചിത്ര പിന്നണി ഗായിക കലാമണ്ഡലം നിസരീ നന്ദനെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.
സമ്മാനദാന ചടങ്ങിൽ സുവർണ്ണ മുദ്ര ജേതാവായ ടി. ജി. രവി സംസാരിച്ചു. മഹാനടൻ തിലകന്റെ പേരിൽ രൂപീകരിച്ച സമിതി, വളർന്നുവരുന്ന സിനിമ-നാടക-സീരിയൽ ഉൾപ്പെടെയുള്ള കലാരംഗത്തെ പുതുമുഖങ്ങൾക്ക് ഒരു താങ്ങും തണലുമായി നിൽക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂർ തഹസിൽദാറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജയശ്രീ, പ്രശസ്ത സിനിമ-നാടക നടൻ ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ, സജിൻ, സിനിമ-സീരിയൽ നടി മഞ്ജു സുഭാഷ് എന്നിവർ ആശംസാ പ്രഭാഷണങ്ങൾ നടത്തി.
തിരഞ്ഞെടുക്കപ്പെട്ട 10 നിർധനരായ വിദ്യാർഥികൾക്ക് തുടർ പഠന സഹായം സമിതി വിതരണം ചെയ്തു. കൂടാതെ സിനിമ, സീരിയൽ, നാടകം, കലാസാംസ്‌കാരിക രംഗത്തെ വളർന്നു വരുന്ന 45 പ്രതിഭകൾക്ക് തിലകൻ സൗഹൃദ സമിതി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
തിലകൻ സൗഹൃദ സമിതിയുടെ ജനറൽ സെക്രട്ടറി പി. എസ്. സുഭാഷ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ബിനിത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തൃശ്ശൂർ 11 കെ. വി. എ. മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നും നിസരീ നന്ദന്റെ ഗാനാലാപനവും ചടങ്ങിനെ കൂടുതൽ ആഘോഷഭരിതമാക്കി

