പ്രമുഖ മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു
പ്രമുഖ മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു; മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ്
പ്രമുഖ മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു; മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ്
തിരുവനന്തപുരം: മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനുമായ ജി. വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ട നിരവധി മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും ജി. വിനോദ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എംസി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പതിബെൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ ലീ സീ ബിൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മലേഷ്യയിലും, ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ഭൂട്ടാനിലേക്കും അദ്ദേഹം അന്വേഷണാത്മക വാർത്തകൾക്കായി യാത്ര ചെയ്തു.
മികച്ച റിപ്പോർട്ടിങ്ങിനും അന്വേഷണാത്മക പത്രപ്രവർത്തനത്തിനും സംസ്ഥാന സർക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച പത്രപ്രവർത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും കരസ്ഥമാക്കി.
രാഷ്ട്രദീപികയിൽ മാധ്യമപ്രവർത്തനം ആരംഭിച്ച വിനോദ് 2002-ലാണ് മലയാള മനോരമയിൽ ചേർന്നത്. അന്നുമുതൽ തിരുവനന്തപുരം ബ്യൂറോയിലാണ് പ്രവർത്തിച്ചിരുന്നത്. ചെമ്പഴന്തി എസ്എൻ കോളജിൽ യൂണിയൻ ചെയർമാനുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യൂട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി).
സംസ്കാരം പിന്നീട് നടക്കും.

