കണ്ണൻ പട്ടാമ്പി അന്തരിച്ചു
പ്രശസ്ത സിനിമാ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി (57) അന്തരിച്ചു.
സിനിമാ പ്രവർത്തകനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമാ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി (57) അന്തരിച്ചു. പ്രമുഖ സംവിധായകനും നടനുമായ മേജർ രവിയുടെ സഹോദരനാണ്. ഇന്നലെ രാത്രി 11.41-ഓടെയായിരുന്നു അന്ത്യം. മേജർ രവി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം സിനിമാ ലോകത്തെയും ആരാധകരെയും അറിയിച്ചത്.
മൃതദേഹം ഇന്ന് വൈകുന്നേരം നാല് മണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലുള്ള വസതിയിൽ സംസ്കരിക്കും. "എന്റെ പ്രിയ സഹോദരൻ, സിനിമാ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി അന്തരിച്ചു" എന്ന് മേജർ രവി കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
അഭിനയത്തിന് പുറമെ പ്രൊഡക്ഷൻ കൺട്രോളറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മലയാള സിനിമയിൽ അദ്ദേഹം സജീവമായിരുന്നു. മോഹൻലാൽ ചിത്രം 'പുലിമുരുകൻ', 'ഒടിയൻ', '12th മാൻ' തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 'പുനരധിവാസം', 'അനന്തഭദ്രം', കീർത്തിചക്ര', 'വെട്ടം', 'ക്രേസി ഗോപാലൻ', 'കാണ്ഡഹാർ' തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മറ്റ് പ്രധാന ചിത്രങ്ങൾ.
മേജർ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്.
സംസ്കാരം അഞ്ചാം തീയതി നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ.

