സംവിധായകൻ പി എം ബെന്നി അന്തരിച്ചു
മലയാള ചലച്ചിത്ര സംവിധായകനും സഹസംവിധായകനുമായ പി.എം. ബെന്നി 94 അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ പി.എം. ബെന്നി അന്തരിച്ചു; വിടവാങ്ങിയത് വിൻസെന്റ് മാഷിന്റെ സഹയാത്രികൻ
തുറവൂർ: മലയാള ചലച്ചിത്ര സംവിധായകനും സഹസംവിധായകനുമായ പി.എം. ബെന്നി (94) തുറവൂരിലെ വസതിയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകൻ എ. വിൻസെന്റിന്റെ ഭാര്യാസഹോദരനാണ്.
1977-ൽ പുറത്തിറങ്ങിയ 'മുഹൂർത്തങ്ങൾ' എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ശ്രീവിദ്യ, എം.ജി. സോമൻ, റാണി ചന്ദ്ര, സുധീർ, കെ.പി.എ.സി. സണ്ണി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണായിരുന്നു. ഷാജി എൻ. കരുണിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
ഏറെക്കാലം എ. വിൻസെന്റിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ബെന്നി, അദ്ദേഹത്തിന്റെ നിരവധി ക്ലാസിക് സിനിമകളുടെ പിന്നണിയിൽ സജീവമായിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിഖ്യാത ചിത്രം 'തുലാഭാര'ത്തിലെ "കാറ്റടിച്ചു കൊടുംകാറ്റടിച്ചു..." എന്ന പ്രശസ്തമായ ഗാനരംഗത്തിൽ മത്സ്യത്തൊഴിലാളിയായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

