ടെക്നോക്രാറ്റിൽ നിന്ന് സിവിൽ സർവീസിലേക്ക് ഹൃത്വിക് രഞ്ജൻ എറണാകുളം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു
മുംബൈ ഐ.ഐ.ടി ബിരുദധാരിയും മുൻ കോർപ്പറേറ്റ് ഉദ്യോഗസ്ഥനുമായ ഹൃത്വിക് രഞ്ജൻ ഐ.എ.എസ് എറണാകുളം ജില്ലയുടെ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു.
ടെക്നോക്രാറ്റിൽ നിന്ന് സിവിൽ സർവീസിലേക്ക്; ഹൃത്വിക് രഞ്ജൻ എറണാകുളം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു
കൊച്ചി: കോർപ്പറേറ്റ് ലോകത്തെ തിളക്കമാർന്ന കരിയറും മുംബൈ ഐ.ഐ.ടി.യിലെ ഉയർന്ന പ്രൊഫൈലും മാറ്റിവെച്ച് ജനസേവനത്തിനായി സിവിൽ സർവീസ് തിരഞ്ഞെടുത്ത ഹൃത്വിക് രഞ്ജൻ ഐ.എ.എസ്. എറണാകുളം ജില്ലയുടെ പുതിയ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. 2025 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് സിവിൽ സ്റ്റേഷനിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.
ബീഹാറിലെ മുസാഫർപൂർ സ്വദേശിയായ ഹൃത്വിക്, മുംബൈ ഐ.ഐ.ടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വ്യക്തിയാണ്. പഠനത്തിന് ശേഷം ഗുഡ്ഗാവിലെ പ്രമുഖ ജാപ്പനീസ് കൺസൾട്ടിംഗ് സ്ഥാപനമായ 'നൊമുറ'യിൽ ഉദ്യോഗസ്ഥനായിരുന്നു. ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ലഭിച്ചെങ്കിലും മനസ്സിൽ ആഗ്രഹിച്ച തൊഴിൽ സംതൃപ്തി അവിടെ നിന്നും ലഭിക്കാതിരുന്നതാണ് സിവിൽ സർവീസിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്ന് ഹൃത്വിക് രഞ്ജൻ പറഞ്ഞു.
"ബീഹാറിൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ ഭരണസംവിധാനങ്ങൾക്ക് വലിയ പങ്കാണുള്ളത്. ജനങ്ങൾ പല കാര്യങ്ങൾക്കും അഡ്മിനിസ്ട്രേഷനെയാണ് ആശ്രയിക്കുന്നത്. കുട്ടിക്കാലം മുതൽ കണ്ട ഇത്തരം കാഴ്ചകളാണ് എന്നെ സിവിൽ സർവീസിലേക്ക് ആകർഷിച്ചത്," അസിസ്റ്റൻ്റ് കളക്ടർ വ്യക്തമാക്കി.
നാല് ശ്രമങ്ങൾക്കൊടുവിലാണ് ഹൃത്വിക് ഐ.എ.എസ് എന്ന തന്റെ സ്വപ്ന ലക്ഷ്യത്തിൽ എത്തിച്ചേർന്നത്. ആദ്യ രണ്ട് ശ്രമങ്ങളിൽ ജോലിയോടൊപ്പമാണ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. പിന്നീട് ജോലി രാജിവെച്ച് പൂർണ്ണമായി യു.പി.എസ്.സി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്നാം ശ്രമത്തിൽ ഐ.ആർ.എസ്. (IRS) ലഭിച്ചിരുന്നെങ്കിലും, ലക്ഷ്യം കൈവിടാതെ വീണ്ടും പരിശ്രമിച്ച് നാലാം ശ്രമത്തിൽ ഐ.എ.എസ്. സ്വന്തമാക്കുകയായിരുന്നു.
കേരള കേഡർ ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. "ജന്മനാട്ടിൽ നിന്നും ഏറെ അകലെയുള്ള കേരളത്തിലെ സംസ്കാരവും ജീവിതരീതിയുമെല്ലാം തികച്ചും വ്യത്യസ്തമാണ്. എന്നാൽ ഈ അവസരത്തെ ഏറെ ആവേശത്തോടെയാണ് ഞാൻ കാണുന്നത്. കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. എറണാകുളം ജില്ലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാനും, ജനങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.