​ലക്ഷങ്ങൾ വെള്ളത്തിലായി മൂവാറ്റുപുഴ ഷീ ലോഡ്ജ് പദ്ധതിയിൽ വൻ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാന് പരാതി

ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച ഷീ ലോഡ്ജ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം നശിക്കുന്നു. ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഓംബുഡ്സ്മാനെ സമീപിച്ചു.

​ലക്ഷങ്ങൾ വെള്ളത്തിലായി മൂവാറ്റുപുഴ ഷീ ലോഡ്ജ് പദ്ധതിയിൽ വൻ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാന് പരാതി
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഏകദേശം 50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഷീ ലോഡ്ജ് കെട്ടിടം

​നഗരം: മൂവാറ്റുപുഴ നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച 'ഷീ ലോഡ്ജ്' പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യം ശക്തമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ വീഴ്ചയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം.ജെ. ഷാജി ഓംബുഡ്സ്മാന് പരാതി നൽകി.

​മൂവാറ്റുപുഴ  കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഏകദേശം 50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് ഇപ്പോൾ കാടുപിടിച്ച് നശിക്കുന്നത്. ഏഴ് വർഷം മുൻപ് എൽഡിഎഫ് കൗൺസിലിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയായിരുന്നു ഇതിന്റെ നിർമ്മാണം. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ, യാത്രക്കാർക്ക് ഒരു ഉപകാരവും ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

​അശാസ്ത്രീയ നിർമ്മാണം

ശുചിമുറി മാലിന്യ ടാങ്കോ, മലിനജല ശേഖരണത്തിനുള്ള സംവിധാനമോ ഇല്ലാതെയാണ് കെട്ടിടം പണിതീർത്തത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ലോഡ്ജിന് സമീപം ടാങ്കുകൾ നിർമ്മിക്കാനുള്ള സ്ഥലസൗകര്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വെള്ളവും വൈദ്യുതിയും എത്തിച്ചിട്ടുണ്ടെങ്കിലും മലിനജലം ഒഴുക്കിവിടാൻ മാർഗമില്ലാത്തതിനാൽ ലോഡ്ജ് തുറക്കാനാകില്ലെന്ന നിലപാടിലാണ് നഗരസഭ അധികൃതർ.

​അന്വേഷണം വേണം

സാധ്യത പഠനമോ സ്ഥല പരിശോധനയോ നടത്താതെ പദ്ധതി നടപ്പിലാക്കിയത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് എം.ജെ. ഷാജി ആരോപിച്ചു. സമീപത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തെ സഹായിക്കാനാണോ ഇത്തരമൊരു നിർമ്മാണം നടത്തിയതെന്ന സംശയവും ഉയരുന്നുണ്ട്. നേരത്തെ അർബൻ ഹാറ്റ്, ആധുനിക മത്സ്യ-ഇറച്ചി മാർക്കറ്റ് തുടങ്ങിയ പദ്ധതികളും സമാനമായ രീതിയിൽ അശാസ്ത്രീയമായ നിർമ്മാണം മൂലം പരാജയപ്പെട്ടിരുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.