കേരളത്തിന്റെ സപ്ലൈകോ മാതൃക പഠിക്കാൻ ആന്ധ്രാപ്രദേശ് പ്രതിനിധി സംഘം സന്ദർശനം നടത്തി
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) പ്രവർത്തനരീതികളും ബിസിനസ് മാതൃകയും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശിൽ നിന്നുള്ള സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ സപ്ലൈകോ ആസ്ഥാനം സന്ദർശിച്ചു.
കേരളത്തിന്റെ സപ്ലൈകോ മാതൃക പഠിക്കാൻ ആന്ധ്രാപ്രദേശ് പ്രതിനിധി സംഘം സന്ദർശനം നടത്തി
കൊച്ചി: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) മികച്ച പ്രവർത്തനരീതികളും ബിസിനസ് മാതൃകയും നേരിട്ടറിഞ്ഞ് പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം സപ്ലൈകോ സന്ദർശിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്.
ഡെപ്യൂട്ടി ഡയറക്ടർ ശേശഗിരി റാവു, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ പത്മ, കൺസൾട്ടന്റുമാരായ ഹേമന്ത് കുമാർ കവലി, ശ്രാവണി ജമ്മുല എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
സപ്ലൈകോയുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ, പൊതുവിതരണ സംവിധാനങ്ങൾ (PDS), വിതരണ ശൃംഖല മാനേജ്മെന്റ് (Supply Chain Management), ഉപഭോക്തൃ സേവന-പ്രചാരണ പ്രവർത്തനങ്ങൾ, സുസ്ഥിര ബിസിനസ് മാതൃകകൾ എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. ഉപഭോക്തൃ ക്ഷേമം ഉറപ്പാക്കുന്നതിലും വിപണി ഇടപെടലുകളിലും അവശ്യസാധനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിലും സപ്ലൈകോ വഹിക്കുന്ന മാതൃകാപരമായ പങ്ക് മറ്റ് സംസ്ഥാനങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
സന്ദർശനത്തിന്റെ ഭാഗമായി സപ്ലൈകോയുടെ റീട്ടെയിൽ ശൃംഖല, സംഭരണ-വിതരണ സംവിധാനങ്ങൾ, വിലനിർണയ നയങ്ങൾ എന്നിവ സംഘം വിലയിരുത്തി. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ V M, ജനറൽ മാനേജർ എം. യു. ബിജു, മാർക്കറ്റിംഗ് അഡിഷണൽ ജനറൽ മാനേജർ ദീപു എം ആർ എന്നിവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുകയും വിപണി ഇടപെടലുകളിലെ കേരളത്തിന്റെ വിജയമാതൃക ചർച്ച ചെയ്യുകയും ചെയ്തു