കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയറിന് അങ്കമാലിയിൽ തുടക്കം സ്വർണ്ണ വിപണിയിൽ കേരളം മുന്നിലെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

രാജ്യത്തെ സ്വർണ്ണ ബിസിനസ്സിന്റെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന കേരളം യഥാർത്ഥ സുവർണ്ണ കേരള മാണെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. അങ്കമാലിയിൽ കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയറിന് അങ്കമാലിയിൽ തുടക്കം സ്വർണ്ണ വിപണിയിൽ കേരളം മുന്നിലെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്
കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026 ൻ്റെ ഉദ്ഘാടനം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്റെറിൽ മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിക്കുന്നു.

​കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026 മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

അങ്കമാലി: രാജ്യത്തെ ആകെ സ്വർണ്ണ ഉപഭോഗത്തിന്റെയും വ്യാപാരത്തിന്റെയും 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് കേരളമാണെന്നും ഈ അർത്ഥത്തിൽ കേരളത്തെ ഒരു 'സുവർണ്ണ കേരളം' എന്ന് വിശേഷിപ്പിക്കാമെന്നും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന 'കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2026' (KJIF 2026) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കേരളത്തിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ പതിനഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം ശാഖകളുണ്ടെന്നത് ലോക ജ്വല്ലറി ബിസിനസ്സിൽ നമ്മുടെ സംസ്ഥാനത്തിനുള്ള വലിയ പ്രാധാന്യമാണ് കാണിക്കുന്നത്. പതിറ്റാണ്ടുകളായി വ്യാപാരികൾ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും ഗുണനിലവാരവുമാണ് ഈ വളർച്ചയ്ക്ക് കാരണം. വെറും വിപണി മൂല്യമുള്ള സ്വർണ്ണക്കട്ടികളേക്കാൾ വൈകാരിക മൂല്യമുള്ളതാണ് ആഭരണങ്ങൾ.

​ലോകത്തെ പ്രമുഖ ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾക്കൊപ്പം തങ്ങളുടെ പൈതൃകം കൂടി കൈമാറുന്നുണ്ട്. അതുപോലെ നമ്മുടെ ക്ഷേത്ര ശില്പങ്ങൾ, കഥകളി, ചുണ്ടൻ വള്ളങ്ങൾ, പടയണി തുടങ്ങിയ കേരളത്തിന്റെ തനത് സംസ്കാരവും കഥകളും കൂടി ആഭരണ രൂപകൽപ്പനയിൽ ഉൾപ്പെടുത്തണം. ഇത് ടൂറിസവുമായി ബന്ധപ്പെട്ട മികച്ചൊരു സാംസ്കാരിക കൈമാറ്റത്തിന് വഴിയൊരുക്കുമെന്നും ജ്വല്ലറി വ്യാപാരികളുടെ ഈ പങ്കാളിത്തം കേരള ടൂറിസം മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, നിയമസഭാംഗം പി. എം. എ. സമീർ, ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റേ, വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സി.ഇ.ഓ സച്ചിൻ ജെയിൻ, ഐ.എ.ജി.എ.ഇ.എസ് സി.ഇ.ഓ കൗശ്ലേന്ദ്ര സിൻഹ, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക, ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ മുൻ ചെയർമാൻ ശ്യാം മെഹ്റ, തമിഴ്നാട് ജ്വല്ലേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡന്റ് എ. എസ്. ശ്രീറാം, മധുര ജ്വല്ലേഴ്സ് ആൻഡ് ബുള്ളിയൻ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ, ട്രഷറർ സി വി കൃഷ്‌ണദാസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

​കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വർണ്ണവ്യാപാരികളും നിർമ്മാണ മേഖലയിലെ നാലായിരത്തോളം പ്രമുഖരും പങ്കെടുക്കുന്ന മേളയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.