കരൂർ ദുരന്തം ഇരകളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ ഉത്തരവ് കൈമാറും
കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് സർക്കാർ. അണ്ണാഡിഎംകെ നേതാക്കൾ കൂട്ടത്തോടെ വിജയിന്റെ ടിവികെയിൽ ചേർന്നതോടെ പാർട്ടി പ്രതിസന്ധിയിലായി.
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; അണ്ണാഡിഎംകെയിൽ നിന്ന് കൂട്ടരാജി, നേതാക്കൾ ടിവികെയിലേക്ക്
ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ ഒരംഗത്തിന് വീതം സർക്കാർ ജോലി നൽകുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. ഈ മാസം പത്താം തീയതി കരൂർ സന്ദർശിക്കുന്ന മുഖ്യമന്ത്രി തമിഴ്‌നാട് സർക്കാരിന്റെ നിയമന ഉത്തരവുകൾ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് നേരിട്ട് കൈമാറും.
2025 സെപ്റ്റംബർ 27-നായിരുന്നു തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തം ഉണ്ടായത്. നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 41 പേരാണ് മരണപ്പെട്ടത്. റാലിയിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടമാണ് അന്ന് കരൂരിൽ തടിച്ചുകൂടിയത്. നിശ്ചയിച്ച സമയത്തേക്കാൾ ഏഴു മണിക്കൂറോളം വൈകി വിജയിന്റെ വാഹനവ്യൂഹം എത്തിയതോടെ, ജനങ്ങൾ മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായത്.
അണ്ണാഡിഎംകെയിൽ വൻ പ്രതിസന്ധി; നേതാക്കൾ ടിവികെയിലേക്ക്
അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഇരുപതിനായിരത്തിലധികം പ്രവർത്തകർ അണ്ണാഡിഎംകെ (AIADMK) വിട്ട് ടിവികെയിൽ ചേർന്നു. ഇതോടെ അണ്ണാഡിഎംകെയുടെ നിലനിൽപ്പ് തന്നെ കടുത്ത ഭീഷണിയിലായിരിക്കുകയാണ്. മഹാബലിപുരത്തെ റിസോർട്ടിൽ വെച്ച് നടന്ന ടിവികെയുടെ ലയന പരിപാടിയിലേക്ക് പുതുക്കോട്ട, കരൂർ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം ബസുകളിലും ആയിരത്തിലധികം കാറുകളിലുമാണ് പ്രവർത്തകർ ഒഴുകിയെത്തിയത്.
മുൻ പ്രമുഖ നേതാക്കളായ സി. വിജയഭാസ്കർ (വീരാളിമല മണ്ഡലം), എം.ആർ. വിജയഭാസ്കർ (കരൂർ മണ്ഡലം) എന്നിവർ എംഎൽഎ സ്ഥാനം രാജിവെച്ച് വിജയിനൊപ്പം ചേർന്നു. മണ്ഡലത്തിൽ നന്ദി പര്യടനം നടത്തി ജനാഭിപ്രായം വിലയിരുത്തിയ ശേഷമാണ് കഴിഞ്ഞ ജൂൺ 16-ന് സി. വിജയഭാസ്കർ രാജി സമർപ്പിച്ചത്. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് എം.ആർ. വിജയഭാസ്കറിന്റെ രാജി.
ഇവർക്ക് പുറമെ മുൻ മന്ത്രിമാരായ എം.എസ്.എം. ആനന്ദൻ, എസ്. വളർമതി, മുൻ എംഎൽഎമാരായ ഇ.എം. മൻരാജ് (ശ്രീവില്ലിപുത്തൂർ), എം.എസ്.ആർ. രാജവർമൻ (തിരുച്ചുളി), എസ്.വി. തിരുജ്ഞാനസംബന്ധം (പെരവുരണി), എസ്. സുന്ദർരാജൻ (ശങ്കരി) തുടങ്ങിയ പ്രമുഖരും ടിവികെയിൽ അംഗത്വമെടുത്തു. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൂടുതൽ നേതാക്കളും എംഎൽഎമാരും കലഹത്തിലായതിനാൽ വരും ദിവസങ്ങളിലും അണ്ണാഡിഎംകെയിൽ നിന്ന് കൂടുതൽ രാജിയുണ്ടാകുമെന്നാണ് സൂചനകൾ.